പാലക്കാട് തൃത്താല ഭാരതപ്പുഴയിൽ പോത്തിൻ്റെ അഴുകിയ ജഡം വീണ്ടും കണ്ടെത്തി. സംഭരണിയുടെ ഷട്ടറിന് സമീപത്തുനിന്നുമാണ് ജഡം കണ്ടെത്തിയത്. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ പോത്തിൻ്റെ അഴുകിയ ജഡം കണ്ടെത്തിയിരുന്നു.
വെള്ളിയാങ്കല്ല് ജലസംഭരണിയിലാണ് ഞായറാഴ്ച രാവിലെ അഴുകിയ നിലയിൽ പോത്തിൻ്റെ ജഡം കണ്ടത്. പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് റെഗുലേറ്ററിൻ്റെ ഷട്ടറിന് സമീപം ജഡം കണ്ടത്. ഇതോടെ കടുത്ത ആരോഗ്യ ഭീഷണിയിലായിരിക്കുകയാണ് പ്രദേശവാസികൾ. കഴിഞ്ഞ ദിവസവും പുഴയിൽ പോത്തിന്റെ ജഡം കണ്ടെത്തിയിരുന്നു. ഏഴോളം ജഡങ്ങൾ കണ്ടതായി മീൻപിടുത്തക്കാരും അറിയിച്ചിട്ടുണ്ട്.
ജഡം പൊങ്ങിയ സാഹചര്യത്തിൽ പുഴ വെള്ളം പരിശോധനക്കയച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് വെള്ളിയാങ്കല്ല് ജലസംഭരണിയിൽ നിന്നുള്ള കുടിവെള്ള വിതരണം നിർത്തിവെച്ചു. പോത്തിന്റെ ജഡം കണ്ടെത്തിയ സാഹചര്യത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് മന്ത്രി എം.ബി രാജേഷ് വകുപ്പുകൾക്ക് നിർദേശം നൽകി.