NEWSROOM

RR v RCB | ആർസിബിക്ക് ഹാപ്പി വിഷു, പടക്കം പോലെ പൊട്ടി രാജസ്ഥാൻ; കോഹ്‌ലിക്കും സോൾട്ടിനും ഫിഫ്റ്റി!

ജെയ്സ്വാളിൻ്റെ ഫിഫ്റ്റിയുടെ കരുത്തിൽ രാജസ്ഥാൻ ഉയർത്തിയ 174 റൺസിൻ്റെ വിജയലക്ഷ്യം 17.3 ഓവറിൽ കോഹ്ലിപ്പട മറികടന്നു.

Author : ന്യൂസ് ഡെസ്ക്


സ്വന്തം ഹോംഗ്രൌണ്ടായ ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ഐപിഎൽ മത്സരത്തിൽ കരുത്തരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് 9 വിക്കറ്റിന് തോറ്റ് രാജസ്ഥാൻ റോയൽസ്. ജെയ്സ്വാളിൻ്റെ ഫിഫ്റ്റിയുടെ കരുത്തിൽ രാജസ്ഥാൻ ഉയർത്തിയ 174 റൺസിൻ്റെ വിജയലക്ഷ്യം 17.3 ഓവറിൽ കോഹ്ലിപ്പട മറികടന്നു. 


നിർണായകമായ ക്യാച്ച് അവസരങ്ങൾ പാഴാക്കിയ രാജസ്ഥാൻ ഫീൽഡർമാർ മത്സരം കൈപ്പിടിയിലൊതുക്കാനുള്ള അവസരം പാഴാക്കുകയായിരുന്നു. തുടക്കം മുതൽക്കേ തകർത്തടിച്ച ഫിൽ സോൾട്ടും (65), വിരാട് കോഹ്ലിയും (62), ദേവ്ദത്ത് പടിക്കലും (40) ബെംഗളൂരുവിന് മികച്ച വിജയമാണ് സമ്മാനിച്ചത്. ഏഴ് റൺസെടുത്ത് നിൽക്കെ സന്ദീപ് ശർമയുടെ പന്തിൽ കോഹ്ലി നൽകിയ അനായാസ ക്യാച്ച് റിയാൻ പരാഗ് നിലത്തിട്ടത് രാജസ്ഥാന് തിരിച്ചടിയായി.

ആർസിബിക്കായി ഫിൽ സോൾട്ട് ​ഗംഭീര തുടക്കമാണ് നൽകിയത്. 33 പന്തിൽ അഞ്ച് ഫോറും ആറ് സിക്സറും സഹിതം സോൾട്ടാ 65 റൺസെടുത്തു. 45 പന്തിൽ നാല് ഫോറും രണ്ട് സിക്സറും സഹിതം പുറത്താകാതെ 62 റൺസെടുത്ത വിരാട് കോഹ്‍ലി മികച്ച പിന്തുണയേകി. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ 92 റൺസ് പിറന്നു.

28 പന്തിൽ അഞ്ച് ഫോറും ഒരു സിക്സറും സഹിതം 40 റൺസെടുത്ത ദേവ്ദത്ത് പടിക്കലിന്റെ സംഭാവനയും ആർസിബി വിജയത്തിൽ നിർണായകമായി. കോഹ്‍ലിയുമൊത്ത് രണ്ടാം വിക്കറ്റിൽ 83 റൺസാണ് പടിക്കൽ കൂട്ടിച്ചേർത്തത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത ഓവറിൽ  173 റൺലെടുക്കാനേ കഴിഞ്ഞുള്ളൂ. യശസ്വി ജെയ്സ്വാൾ (47 പന്തിൽ 75 റൺസ്), ധ്രുവ് ജുറേൽ (23 പന്തിൽ 35), റിയാൻ പരാഗ് (22 പന്തിൽ 30) എന്നിവർക്ക് മാത്രമെ കാര്യമായി RR നിരയിൽ കാര്യമായി തിളങ്ങാനായുള്ളൂ. നാല് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ 173 റൺസെടുത്തത്.



ടോസ് നേടിയ ബെംഗളൂരു നായകൻ രജത് പടിദാർ സഞ്ജുവിൻ്റെ രാജസ്ഥാനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആർസിബിയുടെ പേസ് പടയ്ക്കെതിരെ കരുതലോടെ തുടങ്ങിയ സഞ്ജുവിന് കാര്യമായി സ്കോർ ചെയ്യാനായില്ല.

പതിവിലും മെല്ലെയായിരുന്നു നായകൻ്റെ സ്കോറിങ് എന്നതും ആരാധകരെ നിരാശരാക്കി. ക്രുണാൽ പാണ്ഡ്യയുടെ പന്തിൽ സ്റ്റെപ്പ് ഔട്ട് ചെയ്തു കളിക്കാൻ ശ്രമിച്ചതിന് നായകൻ വലിയ വില നൽകേണ്ടി വന്നു. വിക്കറ്റ് കീപ്പർ ജിതേഷ് ശർമ ബെയ്ൽ തെറിപ്പിച്ചു.

SCROLL FOR NEXT