NEWSROOM

RR vs RCB | IPL 2025 | അവസാന രണ്ടോവറിൽ കളി തിരിച്ച് ആർസിബി ബൗളർമാർ, രാജസ്ഥാന് ഞെട്ടിക്കുന്ന തോൽവി

ആദ്യം ഫീൽഡിങ് തെരഞ്ഞെടുത്ത രാജസ്ഥാൻ നായകൻ റിയാൻ പരാഗിന് തെറ്റിയെന്ന് തോന്നിപ്പിക്കുന്ന ബാറ്റിങ് വിരുന്നാണ് ആർസിബിയുടെ ബാറ്റർമാർ പുറത്തെടുത്തത്.

Author : ന്യൂസ് ഡെസ്ക്


ഐപിഎല്ലിൽ ലാസ്റ്റ് ഓവർ വരെ ത്രില്ലടിപ്പിച്ച ഹൈ സ്കോറിങ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 11 റൺസിന് തോൽപ്പിച്ച് കോഹ്ലിയുടെ ചെമ്പട. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തിരുന്നു.

206 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്‍ റോയല്‍സിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. യശസ്വി ജയ്സ്വാൾ (49), ധ്രുവ് ജുറേൽ (47) എന്നിവർ പൊരുതി നോക്കിയെങ്കിലും രാജസ്ഥാന് ജയിക്കാനായില്ല. ബെംഗളൂരുവിനായി ജോഷ് ഹേസല്‍വുഡ് നാലും ക്രുനാൽ പാണ്ഡ്യ രണ്ടും വിക്കറ്റുകള്‍ നേടി.



നേരത്തെ ജയ്‌സ്വാളും വൈഭവും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. യശസ്വി ജയ്‌സ്വാള്‍ (19 പന്തില്‍ 49), വൈഭവ് സൂര്യവൻഷി (12 പന്തില്‍ 16), റിയാന്‍ പരാഗ് (22), നിതീഷ് റാണ (28), ഷിമ്രോൺ ഹെറ്റ്മെയർ (11), ധ്രുവ് ജുറേൽ (47), എന്നിവർ രാജസ്ഥാനായി മികച്ച രീതിയിൽ ബാറ്റുവീശി. ജയ്‌സ്വാള്‍ മൂന്ന് സിക്സും ഏഴ് ഫോറും നേടി.

നേരത്തെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ഫീൽഡിങ് തെരഞ്ഞെടുത്ത രാജസ്ഥാൻ നായകൻ റിയാൻ പരാഗിന് തെറ്റിയെന്ന് തോന്നിപ്പിക്കുന്ന ബാറ്റിങ് വിരുന്നാണ് ആർസിബിയുടെ ബാറ്റർമാർ പുറത്തെടുത്തത്.



വിരാട് കോഹ്‌ലി (42 പന്തിൽ 70) ദേവ്ദത്ത് പടിക്കൽ (27 പന്തിൽ 50) എന്നിവരുടെ ഫിഫ്റ്റികളും, ഫിലിപ് സോൾട്ട് (26), ടിം ഡേവിഡ് (23), ജിതേഷ് ശർമ (20) എന്നിവരുടെ മികച്ച ബാറ്റിങ് പ്രകടനങ്ങളും കൂടി ചേർന്നാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മികച്ച സ്കോറിലേക്ക് കുതിച്ചത്.

രാജസ്ഥാൻ റോയൽസിനായി സന്ദീപ് ശർമ രണ്ടും ഹസരംഗ, ജോഫ്ര ആർച്ചർ എന്നിവർ ഓരോ വീതവും വിക്കറ്റെടുത്തു.

SCROLL FOR NEXT