ഡല്‍ഹി തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി പ്രകടന പത്രിക പുറത്തുവിട്ടു. എല്ലാ പൊതുജനക്ഷേമ പദ്ധതികളും തുടരുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് പ്രകടന പത്രികയുടെ ആദ്യ ഭാഗം പുറത്തുവിട്ടത്. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ബിജെപിയുടെ പ്രകടന പത്രിക.
ഗര്‍ഭിണികള്‍ക്ക് ഒറ്റത്തവണ ധനസഹായമായി 21,000 രൂപയും ആറ് പോഷകാഹാര കിറ്റുകളും വാഗ്ദാനം ചെയ്യുന്നു. ആദ്യ കുഞ്ഞിന് 5,000 രൂപയും രണ്ടാമത്തെ കുഞ്ഞിന് 6,000 രൂപയും നല്‍കും. സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നല്‍കുന്ന മഹിളാ സ്മൃദ്ധി യോജനയും പ്രഖ്യാപനത്തിലുണ്ട്.
2021 ല്‍ ആം ആദ്മി പാര്‍ട്ടി സ്ത്രീകള്‍ക്ക് 1000 രൂപ ധനസഹായം പ്രഖ്യാപിച്ചെങ്കിലും ഡല്‍ഹിയിലോ പഞ്ചാബിലോ വാക്കുപാലിച്ചെന്ന് കേന്ദ്ര മന്ത്രി ജെ.പി. നദ്ദ ആരോപിച്ചു. പാചകവാതകത്തിന് 500 രൂപ സസ്ബിഡിയും ദീപാവലി, ഹോളി ആഘോഷങ്ങളില്‍ രണ്ട് സൗജന്യ സിലിണ്ടറുകളുമാണ് ബിജെപിയുടെ മറ്റൊരു വാഗ്ദാനം.
ബിജെപി അധികാരത്തില്‍ വന്നാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതി നടപ്പിലാക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 5 ലക്ഷം രൂപയുടെ അധിക ആരോഗ്യ പരിരക്ഷയും വാഗ്ദാനം ചെയ്യുന്നു. ഇതോടെ, മുതിര്‍ന്ന പൗരന്മാരുടെ മൊത്തം ആരോഗ്യ പരിരക്ഷ 10 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രകടന പത്രികയില്‍ പറയുന്നത്.
60-70 വയസ്സിനിടയിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് 2,000-2,500 രൂപയും 70 വയസ്സിനു മുകളിലുള്ളവര്‍ക്ക് 3,000 രൂപയും ലഭിക്കുന്ന പെന്‍ഷന്‍ പദ്ധതി, ഭിന്നശേഷിക്കാര്‍ക്കും വിധവകള്‍ക്കുമുള്ള സാമ്പത്തിക സഹായം 3,000 രൂപയായി വര്‍ധിപ്പിക്കും, എല്ലാ ചേരികളിലും അടല്‍ കാന്റീനുകള്‍ സ്ഥാപിക്കും ഇവിടെ 5 രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കും എന്നിവയാണ് മറ്റ് പ്രഖ്യാപനങ്ങള്‍.