NEWSROOM

ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരനിൽ നിന്ന് അഞ്ച് ലക്ഷം രൂപ പിടിച്ചെടുത്തതായി പൊലീസ്; ഗൂഢാലോചനയെന്ന് എഎപി

രാജ്യ തലസ്ഥാനത്ത് പോളിങ് നടക്കുന്നതിന് മുൻപ് പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള ​ഗൂഢാലോചനയുടെ ഭാ​ഗമാണിതെന്ന് ആം ആദ്മി ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

ഡൽഹി മുഖ്യമന്ത്രി അതിഷി മർലേനയുടെ ഓഫീസ് ജീവനക്കാരനിൽ നിന്ന് അഞ്ച് ലക്ഷം രൂപ കണ്ടെടുത്തെന്ന് പൊലീസ്. ഇന്നലെ രാത്രിയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് കാറിൽ സഞ്ചരിച്ചവരിൽ നിന്ന് പണം പിടികൂടിയത്. എന്നാൽ ആം ആദ്മി പാർട്ടി ആരോപണങ്ങൾ നിഷേധിച്ചു. രാജ്യ തലസ്ഥാനത്ത് പോളിങ് നടക്കുന്നതിന് മുൻപ് പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള ​ഗൂഢാലോചനയുടെ ഭാ​ഗമാണിതെന്ന് ആം ആദ്മി ആരോപിച്ചു.


പണം നിറച്ച ബാഗുമായി പിടിക്കപ്പെട്ട ​ഗൗരവ് എന്ന വ്യക്തി താൻ അതിഷിക്ക് കീഴിൽ ഡൽഹി സർക്കാരിലെ മൾട്ടി ടാസ്കിങ് ഡിപ്പാർട്ട്മെന്റിൽ ജോലിചെയ്യുന്ന ആളാണെന്നാണ് പൊലീസിനോട് പറഞ്ഞത്. വീട് വിൽപ്പനയുമായി ബന്ധപ്പെട്ട പണമാണിതെന്നും ​ഗൗരവ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാമെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഗൗരവിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് അതിഷിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് പങ്കജുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായി വ്യക്തമായി. ഡൽഹിയിലെ വിവിധ വാർഡുകളെക്കുറിച്ചുള്ള വിവരങ്ങളും ആർക്കൊക്കെ, എവിടെയാണ് എത്ര പണം നൽകേണ്ടതെന്നും കോഡ് വാക്കുകൾ ഉപയോഗിച്ച് ഇവർ ചർച്ച ചെയ്തതായും പൊലീസ് പറഞ്ഞു.

"അഞ്ച് ലക്ഷം രൂപയുമായി ചിലരെ പിടികൂടിയതായി ഞങ്ങൾക്ക് ഒരു കോൾ ലഭിച്ചു. ഞങ്ങളുടെ സംഘം സ്ഥലത്തെത്തി, ഫ്ലൈയിംഗ് സ്ക്വാഡ് ടീം (എഫ്എസ്ടി) ഗൗരവ്, അജിത് എന്നീ രണ്ട് പേരെ കൈമാറി. പ്രാഥമിക വിവരമനുസരിച്ച്, ഇരുവരും ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവരാണ്. പണത്തിന്റെ ഉറവിടം, അത് എവിടെ നിന്ന് വന്നു, അവർ അത് എവിടോട്ട് കൊണ്ടുപോയി എന്നിവ ഞങ്ങൾ അന്വേഷിച്ചുവരികയാണ്," ഡൽഹി പോലീസ് സിഡിപി രവി കുമാർ സിംഗ് പറഞ്ഞു. ​ഗൗരവിനെയും കാർ ഡ്രൈവറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

എന്നാല്‍, ആം ആദ്മി പാർട്ടി ആരോപണങ്ങളെ ശക്തമായി നിഷേധിച്ചു. എഎപി, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഗൂഢാലോചനയാണിതെന്നാണ് ബിജെപിയുടെ ആരോപണം. "ഇത് പൂർണമായും കെട്ടിച്ചമച്ചതാണ്. വീഡിയോയിൽ കാണുന്ന വ്യക്തി അത് സ്വന്തം പണമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്," പാർട്ടി പറഞ്ഞു. പണം വിതരണം ചെയ്യുന്നത് ബിജെപിയാണെന്നും ഡൽഹി പൊലീസ് അത് മനസിലാക്കിയിട്ടും കണ്ണടച്ചുവെന്നും ആം ആദ്മി ആരോപിച്ചു.

അതേസമയം, ഇന്ന് രാവിലെ ഏഴ് മണിക്ക് ഡൽഹിയിൽ വോട്ടെടുപ്പ് ആരംഭിച്ചു. ഒറ്റ ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിന് വോട്ടെണ്ണി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

SCROLL FOR NEXT