NEWSROOM

വിലയോ തുച്ഛം ഗുണമോ മെച്ചം; ഡിമാന്‍ഡ് കൂടി 18 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍

ജിഎസ്ടിയും പണിക്കൂലിയുമടക്കം 22 കാരറ്റ് ഒരു പവന്‍ വാങ്ങണമെങ്കില്‍ വില 65,000 രൂപയ്ക്ക് മുകളില്‍ കൊടുക്കണം

Author : ന്യൂസ് ഡെസ്ക്

റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില കുതിക്കുകയാണ്. ഇന്ന് 240 രൂപ വര്‍ധിച്ച് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വില. ഒരു പവന് ഇന്നത്തെ വില 60,440 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയുമടക്കം ഒരു പവന്‍ വാങ്ങണമെങ്കില്‍ വില 65,000 രൂപയ്ക്ക് മുകളില്‍ കൊടുക്കണം. ഗ്രാമിന് വില പതിനായിരത്തിലേക്ക് കുതിക്കുന്നു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് വില 7555 രൂപയാണ്.

സ്വര്‍ണവില ഇങ്ങനെ കൈവിട്ട് പോകുമ്പോള്‍ ഡിമാന്‍ഡ് കൂടിവരുന്ന മറ്റൊന്ന് ഉണ്ട്. സ്വര്‍ണം തന്നെ, പക്ഷേ, 22 കാരറ്റ് ഇല്ലെന്ന് മാത്രം. 18 കാരറ്റ് സ്വര്‍ണ ആഭരണങ്ങളെ കുറിച്ചാണ് പറഞ്ഞു വരുന്നത്. സ്വര്‍ണ വില കുതിച്ചുയരുമ്പോള്‍ ആളുകള്‍ മെല്ലെ 18 കാരറ്റ് സ്വര്‍ണാഭരണങ്ങളിലേക്ക് ചുവടുമാറ്റുകയാണ്. 24 കാരറ്റ് സ്വര്‍ണത്തെ അപേക്ഷിച്ച് വിലക്കുറവ് മാത്രമല്ല, 18 കാരറ്റ് ഗോള്‍ഡിന്റെ ജനപ്രീതിക്ക് കാരണം.

ട്രെന്‍ഡിനനുസരിച്ചുള്ള പുതിയ മോഡലുകള്‍, ഡെയിലി വെയറിന് അനുയോജ്യമായ കുഞ്ഞ് ആഭരണങ്ങള്‍ ഇങ്ങനെ പലതും ഉപഭോക്താക്കളെ പ്രത്യേകിച്ച് യുവാക്കളെ ആകര്‍ഷിക്കുന്നുണ്ട്. ഇതിനെല്ലാം പുറമേ, വില്‍ക്കുമ്പോള്‍ ആഭരണത്തില്‍ അടങ്ങിയ സ്വര്‍ണത്തിന്റെ വില ലഭിക്കും.

മനോഹരമായ ഡിസൈനുകളില്‍ മിനിമലായ ആഭരണം എന്നതാണ് വിലക്കുറവിനോടൊപ്പം ആളുകളെ ആകര്‍ഷിക്കുന്നത്. ഏത് ഫാഷനും അനുയോജ്യം. പരമ്പരാഗത ഡിസൈനുകളിലുള്ള 18 കാരറ്റ് ആഭരണങ്ങളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. വിവിധ ആഭരണങ്ങള്‍ അടങ്ങുന്ന സെറ്റ് ആയും സിംഗിള്‍ പീസ് ആയും വാങ്ങാം. പെന്‍ഡന്റ് മുതല്‍ പ്രെഷ്യസ് സ്റ്റോണ്‍ പതിച്ച നെക്ലേസു വരെ ലഭിക്കും. മാത്രമല്ല, കല്ലു പതിപ്പിച്ച സ്വര്‍ണാഭരണങ്ങളിലും വജ്രാഭരണങ്ങളിലും നിലവില്‍ 18 കാരറ്റ് സ്വര്‍ണമാണ് കൂടുതലായി ഉപയോഗിച്ച് വരുന്നത്.

9.16 ആണ് 22 കാരറ്റെങ്കില്‍ 18 കാരറ്റിന് 75.0 ആണ് പരിശുദ്ധി. ബാക്കി വെള്ളി, ചെമ്പ് പോലുള്ള ലോഹങ്ങളാണ് ഉപയോഗിക്കുക. 22 കാരറ്റ് പോലെ 18 ക്യാരറ്റിലും ഹോള്‍മാര്‍ക്ക് ചെയ്തവയാണ്.

18 കാരറ്റ് സ്വര്‍ണത്തിന്റെ വില

24, 22 കാരറ്റിന് ആനുപാതികമായി 18 കാരറ്റ് സ്വര്‍ണത്തിനും നിത്യേന വ്യത്യാസങ്ങളുണ്ടാകുന്നുണ്ടെങ്കിലും വില കുറവാണ്. ഇന്ന് ഗ്രാമിന് 6,182 രൂപയാണ് 18 കാരറ്റ് സ്വര്‍ണത്തിന്റെ വില. ഇന്നലെ 6,157 രൂപയായിരുന്നു വില. 25 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. അതായത് 22 കാരറ്റ് ആഭരണവുമായി ആയിരം രൂപയ്ക്ക് മുകളില്‍ വ്യത്യാസം വരും.


വിവാഹങ്ങളിലും താരം


കല്യാണങ്ങളിലും പതിനെട്ട് കാരറ്റ് ആഭരണങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടി വരികയാണ്. തൊട്ടാല്‍ പൊള്ളുന്ന സ്വര്‍ണവില തന്നെയാണ് കൂടുതല്‍ പേരേയും ആകര്‍ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 18 കാരറ്റിന്റെ 225 ടണ്‍ ആഭരണങ്ങളാണ് ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത്. 2023 ല്‍ 180 ടണ്ണും 2022 ല്‍ 162 ടണ്ണുമായിരുന്നു ആളുകള്‍ വാങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 25 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്് എന്നതില്‍ തന്നെ 18 കാരറ്റിന്റെ ജനപ്രീതി വ്യക്തമാണ്. വരും വര്‍ഷങ്ങളില്‍ ഡിമാന്‍ഡ് കൂടുതല്‍ ഉയരുമെന്ന് വ്യക്തം.

18 കാരറ്റിന് പുറമേ, 9 കാരറ്റിലും സ്വര്‍ണാഭരണങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ഇവയ്ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (BIS) ന്റെ അനുമതി ലഭിച്ചിട്ടില്ല.

SCROLL FOR NEXT