NEWSROOM

പൃഥ്വിരാജിന് കാപട്യവും ഇരട്ടത്താപ്പും, എല്ലാം മോഹന്‍ലാലിന്റെ തോളില്‍ചാരി മാറിനിന്നു; എമ്പുരാനെതിരെ വീണ്ടും RSS മുഖവാരിക

സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജിനെ വിമര്‍ശിച്ചും നടന്‍ മോഹന്‍ലാലിനെ പിന്തുണച്ചുമാണ് പുതിയ ലേഖനം

Author : ന്യൂസ് ഡെസ്ക്


എമ്പുരാന്‍ സിനിമയ്‌ക്കെതിരെ വീണ്ടും ആര്‍എസ്എസ് മുഖവാരികയായ ഓര്‍ഗനൈസര്‍. സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജിനെ വിമര്‍ശിച്ചും നടന്‍ മോഹന്‍ലാലിനെ പിന്തുണച്ചുമാണ് പുതിയ ലേഖനം. ഇന്ന് മാത്രം ഓര്‍ഗനൈസര്‍ മൂന്നോളം ലേഖനങ്ങളാണ് എമ്പുരാന്‍ ചിത്രത്തിനും പൃഥ്വിരാജിനുമെതിരെ നല്‍കിയിരിക്കുന്നത്.

സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചര്‍ച്ചകളില്‍ മോഹബന്‍ലാല്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് പോസ്റ്റിട്ടപ്പോള്‍ എല്ലാം അദ്ദേഹത്തിന്റെ തോളില്‍ ചാരി പൃഥ്വിരാജ് മാറി നിന്നുവെന്നും മൗനം പാലിച്ചുവെന്നുമാണ് ഓര്‍ഗനൈസറിലെ പുതിയ ലേഖനത്തില്‍ ആരോപിക്കുന്നത്.

കടുവയിലെ സംഭാഷണം വിവാദമായപ്പോള്‍ ആദ്യം മാപ്പ് പറഞ്ഞത് സംവിധായകന്‍ ഷാജി കൈലാസ് ആയിരുന്നു. അതിന് പിന്നാലെ മാപ്പ് പറഞ്ഞ പൃഥ്വിരാജ് സംവിധായകന്റെ പോസ്റ്റ് ഷെയര്‍ ചെയ്യുകയല്ല ചെയ്തത്. കൃത്യമായും മറ്റൊരു പോസ്റ്റ് ഇട്ടുകൊണ്ട് തന്നെയായിരുന്നു മാപ്പ് പറച്ചില്‍. എന്നാല്‍ എമ്പുരാനിലേക്കെത്തിയപ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖേദം പ്രകടിപ്പിച്ചുകൊണ്ട് മോഹന്‍ലാല്‍ ഇട്ട പോസ്റ്റ് ഷെയര്‍ ചെയ്യുക മാത്രമാണ് പൃഥ്വിരാജ് ചെയ്തതെന്നും ലേഖനത്തില്‍ പറയുന്നു.

ഇത് പൃഥ്വിരാജിന്റെ ഇരട്ടത്താപ്പും കാപട്യവുമൊക്കെയാണ് കാണിക്കുന്നത്. പൃഥ്വിരാജ് മൗനം പാലിക്കുമ്പോള്‍ മോഹന്‍ലാല്‍ എല്ലാ വിമര്‍ശനങ്ങളുടെയും ഭാരം ഒറ്റയ്ക്ക് ചുമക്കുന്നു. പക്വതയോടെയാണ് വിഷയത്തെ അഡ്രസ് ചെയ്ത് മോഹന്‍ലാല്‍ സംസാരിച്ചതെന്നും ഓര്‍ഗനൈസര്‍ പറയുന്നു. കൂട്ടായ ഉത്തരവാദിത്തം ആവശ്യപ്പെടുന്നിടത്ത് മോഹന്‍ലാല്‍ മുഴുവന്‍ ടീമിനും വേണ്ടി ഒറ്റയ്ക്ക് നിന്നുവെന്നും ലേഖനം വിമര്‍ശിക്കുന്നു.

നേരത്തെയും എമ്പുരാനെതിരെ വിമര്‍ശനവുമായി ഓര്‍ഗനൈസര്‍ രംഗത്തെത്തിയിരുന്നു. എമ്പുരാന്‍ തീവ്രവാദം ന്യായീകരിക്കുന്ന സിനിമയാണെന്നായിരുന്നു മുന്‍പ് ഇറങ്ങിയ ലേഖനത്തില്‍ പറഞ്ഞിരുന്നത്. മറ്റൊരു ലേഖനത്തില്‍ എംപുരാനില്‍ ക്രിസ്ത്യന്‍ വിഭാഗത്തിനുള്ള ആശങ്കയെക്കുറിച്ചുമാണ് ഓര്‍ഗനൈസര്‍ പറയുന്നത്.

രണ്ട് ദിവസം മുമ്പ് ഇറങ്ങിയ ലേഖനത്തില്‍ പൃഥ്വിരാജിന്റെ 'ഹിന്ദു വിരുദ്ധ' നിലപാടിനെക്കുറിച്ചാണ് ഓര്‍ഗനൈസര്‍ ലേഖനം. ഈ ലേഖനത്തില്‍ ലക്ഷദ്വീപ് വിഷയത്തിലും സിഎഎയ്‌ക്കെതിരെയും പൃഥ്വിരാജ് എടുത്ത നിലപാടുകളെയാണ് 'ഹിന്ദു വിരുദ്ധ'മെന്ന് ഓര്‍ഗനൈസര്‍ ആരോപിക്കുന്നത്.


SCROLL FOR NEXT