NEWSROOM

'പൃഥ്വിരാജ് ദേശവിരുദ്ധരുടെ ശബ്ദം'; നടനെ 'പ്രതിക്കൂട്ടിലാക്കി' വീണ്ടും RSS മുഖവാരിക, ഇന്ദ്രജിത്തിനും വിമർശനം

നടൻ മോഹൻലാലിന്റെ എമ്പുരാൻ സിനിമയിലെ വിവാദ രംഗങ്ങളുമായി ബന്ധപ്പെട്ട ഖേദപ്രകടനം റിപ്പോർട്ട് ചെയ്തുള്ള ലേഖനത്തിലാണ് പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും വിമർശിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

നടനും സംവിധായകനുമായ പൃഥ്വിരാജിനും സഹോദരൻ ഇന്ദ്രജിത്തിനുമെതിരെ കടുത്ത വിമർശനവുമായി വീണ്ടും ആർഎസ്എസ് മുഖവാരിക ഓർഗനൈസർ. ദേശവിരുദ്ധരുടെ ശബ്ദമാണ് പൃഥ്വിരാജ് എന്നാണ് വിമർശനം. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ ഇരുവരും പിന്തുണച്ചുവെന്നും ലേഖനത്തിൽ ആരോപിക്കുന്നു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ പൃഥ്വിരാജ് പ്രതികരിച്ചില്ലെന്നും ലേഖനത്തിൽ പറയുന്നു. പല വിഷയങ്ങളിലും പൃഥ്വിരാജ് പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റുകള്‍ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട്.

നടൻ മോഹൻലാലിന്റെ എമ്പുരാൻ സിനിമയിലെ വിവാദ രം​ഗങ്ങളുമായി ബന്ധപ്പെട്ട ഖേദപ്രകടനം റിപ്പോർട്ട് ചെയ്തുള്ള ലേഖനത്തിലാണ് പൃഥ്വിരാജിനെ വിമർശിക്കുന്നത്. ഇപ്പോൾ പ്രതിക്കൂട്ടിലായിരിക്കുന്നത് സിനിമയുടെ സംവിധായകൻ പൃഥ്വിരാജ് സുകുമാരനാണെന്നും സനാതന ധർമം അടക്കമുള്ള വിവിധ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ സ്വീകരിച്ച നിലപാടുകൾക്ക് പേരുകേട്ടയാളാണ് പൃഥ്വിരാജെന്നും ലേഖനത്തിൽ പറയുന്നു. 'സേവ് ലക്ഷദ്വീപ്' ക്യാംപയ്നിന്റെ പിന്നിൽ പ്രവർത്തിച്ച പ്രമുഖരിൽ ഒരാളാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ചു എന്നിങ്ങനെയാണ് വിമർശനം. പൗരത്വ ഭേദ​ഗതി ബില്ലിനെതിരായ പ്രതിഷേധത്തിൽ ഡൽഹി പൊലീസിനെ നേരിട്ട ആയിഷ റെന്നയെ പിന്തുണച്ച് ഇന്ദ്രജിത്ത് സുകുമാരൻ രംഗത്തെത്തിയിരുന്നുവെന്നും ലേഖനത്തിൽ പറയുന്നു.

ബംഗ്ലദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ പൃഥ്വിരാജ് പ്രതികരിച്ചില്ലെന്ന് ലേഖനം വിമർശിക്കുന്നു. മുനമ്പത്തെ ക്രൈസ്തവ കുടുംബങ്ങളുടെ വഖഫുമായി ബന്ധപ്പെട്ട വിഷയത്തിലും മൗനം പാലിച്ചു. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തിന് ഹനുമാന്റെ മറ്റൊരു പേരായ ബജ്റംഗ് ബലി എന്ന് നൽകിയതിന് പൃഥ്വിരാജ് മറുപടി നല്‍കണമെന്നും ലേഖനത്തിൽ പറയുന്നു. ഈ കഥാപാത്രത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയായാണ് ചിത്രീകരിക്കുന്നതെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്നലെ മുതൽ എമ്പുരാനെ വിമർശിച്ച് ഓർ​ഗനൈസർ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിലും റിപ്പോർട്ടുകളിലും സിനിമയുടെ നടനും സംവിധായകനുമായ പൃഥ്വിരാജിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്. ചിത്രം ഭീകരവാദത്തെ വെള്ളപൂശുന്നുവെന്നായിരുന്നു ഒരു ആരോപണം. പൃഥ്വിരാജിൻ്റെ സിനിമകളിൽ ദേശവിരുദ്ധ ആശയങ്ങൾ ആവർത്തിക്കുന്നുവെന്നും ഓർ​ഗനൈസർ വിമർശനം ഉന്നയിച്ചിരുന്നു. സിനിമയെ തീവ്ര ദേശീയതയുടെ അടിസ്ഥാനത്തിൽ വിമർശിക്കുന്ന വിഷ്ണു അരവിന്ദിന്‍റെ ലേഖനത്തിന്റെ മുഖചിത്രത്തിൽ ബോയിക്കോട്ട് (ബഹിഷ്കരിക്കുക) എന്ന് രേഖപ്പെടുത്തിയിരുന്നു. ഇന്നത്തെ റിപ്പോർട്ടിൽ സിനിമ ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ച സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സ്ക്രീൻഷോട്ടുകളും ഓർ​ഗനൈസർ പങ്കുവച്ചിട്ടുണ്ട്.

SCROLL FOR NEXT