NEWSROOM

എമ്പുരാന്‍ വിവാദം: സെന്‍സര്‍ ബോര്‍ഡിലെ RSS നോമിനികള്‍ക്ക് വീഴ്ച പറ്റിയെന്ന് BJP; നടപടി ഉണ്ടായേക്കും

എമ്പുരാനെതിരായ പ്രചാരണം ബിജെപി നടത്തേണ്ടെന്നാണ് കോര്‍ കമ്മിറ്റി നിലപാട്.

Author : ന്യൂസ് ഡെസ്ക്

പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ സ്‌ക്രീനിങ് കമ്മിറ്റിയിലുള്ള ആര്‍എസ്എസ് നോമിനികള്‍ക്ക് ബിജെപിയുടെ വിമര്‍ശനം. സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനികള്‍ക്ക് വീഴ്ച പറ്റിയെന്ന് ബിജെപി കോര്‍ കമ്മിറ്റിയിലാണ് വിമര്‍ശനമുയര്‍ന്നത്.

ബിജെപിയുടെ സാംസ്‌കാരിക സംഘടനയായ തപസ്യയുടെ ജനറല്‍ സെക്രട്ടറി ജിഎം മഹേഷ് അടക്കം നാല് പേരാണ് സ്‌ക്രീനിങ് കമ്മിറ്റിയിലുണ്ടായിരുന്നത്. ഇവര്‍ക്കെതിരെ സംഘടനാതല നടപടിയുണ്ടാകുമെന്ന സൂചനയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കോര്‍ കമ്മിറ്റിയില്‍ നല്‍കിയത്.

അതേസമയം, എമ്പുരാനെതിരായ പ്രചാരണം ബിജെപി നടത്തേണ്ടെന്നാണ് കോര്‍ കമ്മിറ്റി നിലപാട്. മോഹന്‍ലാല്‍ നല്ല സുഹൃത്താണെന്നും എമ്പുരാന്‍ കാണുമെന്നുള്ള തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സിനിമയുടെ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നതല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കോര്‍ കമ്മിറ്റിയില്‍ വ്യക്തമാക്കി.

കോര്‍ കമ്മിറ്റി യോഗത്തില്‍ എമ്പുരാന്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോഴായിരുന്നു ആര്‍എസ്എസ് നോമിനികള്‍ക്കു നേരെ വിമര്‍ശനം ഉയര്‍ന്നത്. സിനിമ സെന്‍സര്‍ ബോര്‍ഡിന് മുമ്പാകെ വന്നപ്പോള്‍ എതിര്‍പ്പുണ്ടായില്ലേ എന്ന ചോദ്യം ചര്‍ച്ചയ്ക്കു വന്നു. സെന്‍സര്‍ ബോര്‍ഡിലെ ബിജെപി അംഗങ്ങളുടെ കാലാവധി നവംബറില്‍ അവസാനിച്ചതായും ബിജെപി നോമിനികള്‍ സെന്‍സര്‍ ബോര്‍ഡില്‍ ഇല്ലെന്നും കെ. സുരേന്ദ്രന്‍ വിശദീകരിച്ചു.

SCROLL FOR NEXT