വെള്ളക്കെട്ടിൽ മുങ്ങിയ കൊൽക്കത്ത വിമാനത്താവളത്തിന്റെ റൺവേ 
NEWSROOM

കനത്ത മഴ; വെള്ളക്കെട്ടിൽ മുങ്ങി കൊൽക്കത്ത വിമാനത്താവളത്തിന്റെ റൺവേ

എന്നാൽ വെള്ളക്കെട്ട് വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്നാണ് എയർപോർട്ട് അധികൃതർ വ്യക്തമാക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊൽക്കത്തയിലുണ്ടായ കനത്ത മഴയിൽ നേതാജി സുഭാഷ് ചന്ദ്രബോസ് ഇൻ്റർനാഷണൽ വിമാനത്താവളത്തിന്റെ റൺവേ വെള്ളക്കെട്ടിൽ മുങ്ങി. റൺവേയിലും ടാക്‌സിവേകളിലും ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വിമാനങ്ങളുടെ ടയറുകൾ പകുതിയോളം മുങ്ങിയ നിലയിലാണ്. എന്നാൽ വെള്ളക്കെട്ട് വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്നാണ് എയർപോർട്ട് അധികൃതർ വ്യക്തമാക്കുന്നത്.

ചില പാർക്കിംഗ് സ്റ്റാൻഡുകളെ വെള്ളക്കെട്ട് ബാധിച്ചിട്ടുണ്ടെങ്കിലും റൺവേയും ടാക്സിവേകളും പൂർണമായും പ്രവർത്തനക്ഷമമാണെന്നും, വെള്ളക്കെട്ട് നീക്കാൻ കൂടുതൽ പമ്പുസെറ്റുകൾ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം മൂലമാണ് കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്നത്.

കൊല്‍ക്കത്ത, ഹൗറ, സോള്‍ട്ട് ലേക്ക്, ബാരക്ക്പുര്‍ എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. അതേസമയം തെക്കൻ ജില്ലകളായ ഹൗറ, ബർധമാൻ, ബിർഭും, പുർബ ബർധമാൻ, ഹൂഗ്ലി, നാദിയ, നോർത്ത്, സൗത്ത് 24 പർഗാനാസ് ജില്ലകളിൽ അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലുണ്ടാകുമെന്നും കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

SCROLL FOR NEXT