ഗ്രാമീണ മേഖലയെയും നഗരങ്ങളെയും തഴഞ്ഞ് കേന്ദ്ര ബജറ്റ്. വികസനത്തിനായി ഇടക്കാല ബജറ്റിൽ അവതരിപ്പിച്ച തുക തന്നെയാണ് കേന്ദ്രബജറ്റിലും നിർമല സീതാരാമൻ അനുവദിച്ചിരിക്കുന്നത്. എന്നാൽ ആന്ധ്രപ്രദേശ് ബിഹാർ എന്നീ സംസ്ഥാനങ്ങൾക്ക് പുതിയ പദ്ധതികളും അധിക തുകയും അനുവദിച്ചിട്ടുണ്ട്.
ഗ്രാമീണ മേഖലയിലെ വികസനങ്ങൾക്കും മറ്റുമായി 2.66 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. ഇടക്കാലബജറ്റിൽ അവതരിപ്പിച്ച പദ്ധതി തന്നെയാണ് ഇത്. നഗരങ്ങളിലേക്ക് ഒരു കോടി വീടുകൾ നിർമിക്കുന്ന നഗരഭവന പദ്ധതിയും ഇടക്കാല ബജറ്റിൽ അവതരിപ്പിച്ചതാണ്. ഇക്കൊല്ലം തന്നെ പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതിനായി 10 ലക്ഷം കോടി രൂപയാണ് ചിലവഴിക്കുക.
അതേസമയം ബിഹാറിനും ആന്ധ്ര പ്രദേശിനും ബജറ്റിൽ പ്രത്യേക പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടി രൂപയും സംസ്ഥാനത്തെ പ്രത്യേക പ്രളയ നിർമാർജന പദ്ധതിക്കായി 11,500 കോടിയും അവതരിപ്പിച്ചിട്ടുണ്ട്. ആന്ധ്രയിലെ കർഷകർക്ക് പ്രത്യേക സഹായം നൽകും. മെഡിക്കൽ കോളേജെന്ന സ്വപ്നവും യാഥാർഥ്യമാക്കും. വരും വർഷങ്ങളിൽ കൂടുതൽ തുക അനുവദിക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.