NEWSROOM

മുംബൈ എയർപോ‍ർട്ടിൽ ജോലിക്കായി തിക്കും തിരക്കും; 2216 ഒഴിവുകളിലേക്കായി എത്തിയത് 25000 ഉദ്യോ​ഗാർഥികൾ

മണിക്കൂറുകളാണ് അപേക്ഷകർ ഭക്ഷണവും വെള്ളവുമില്ലാതെ കാത്തിരിക്കേണ്ടി വന്നത്. അവരിൽ പലർക്കും ഇതിനിടയിൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതായും റിപ്പോ‍ർട്ടുകൾ സൂചിപ്പിക്കുന്നു

Author : ന്യൂസ് ഡെസ്ക്

എയർപോർട്ട് ലോഡറുകൾക്കുള്ള റിക്രൂട്ട്‌മെൻ്റ് ഡ്രൈവിനിടെ മുംബൈ വിമാനത്താവളത്തിൽ കനത്ത തിക്കും തിരക്കും. 2,216 ഒഴിവുകളിലേക്ക് 25,000-ത്തിലധികം അപേക്ഷകരാണ് ഇന്നലെ റിക്രൂട്ട്മെൻ്റിനായി മുംബൈ വിമാനത്താവളത്തിലെത്തിയത്. എയർ ഇന്ത്യ ജീവനക്കാർ ഈ വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെട്ടു.


ഫോറം കൗണ്ടറുകളിലെത്താൻ അപേക്ഷകർ പരസ്‌പരം കലഹിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മണിക്കൂറുകളാണ് അപേക്ഷകർ ഭക്ഷണവും വെള്ളവുമില്ലാതെ കാത്തിരിക്കേണ്ടി വന്നത്. അവരിൽ പലർക്കും ഇതിനിടയിൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതായും റിപ്പോ‍ർട്ടുകൾ സൂചിപ്പിക്കുന്നു. രാജസ്ഥാനിൽ നിന്നു വരെ ആളുകൾ റിക്രൂട്ട്മെന്റിന് എത്തിയിരുന്നു.


വിമാനത്തിൽ ലഗേജുകൾ കയറ്റുകയും ഇറക്കുകയും ചെയ്യുക, ലഗേജ് ബെൽറ്റുകൾ, റാംപ് ട്രാക്ടറുകൾ എന്നിവ പ്രവർത്തിപ്പിക്കുക എന്നിവയാണ് എയർപോർട്ട് ലോഡർമാരുടെ ജോലി. ഓരോ വിമാനത്തിലേക്കും ലഗേജ്, ചരക്ക്, ഭക്ഷണം എന്നിവ കൈകാര്യം ചെയ്യാൻ കുറഞ്ഞത് അഞ്ച് ലോഡറുകൾ ആവശ്യമുണ്ട്. പ്രതിമാസം ₹ 20,000 മുതൽ ₹ 25,000 വരെയാണ് ഇവരുടെ ശമ്പളം. എന്നാൽ മിക്കവരും ഓവർടൈം അലവൻസുകൾ ഉൾപ്പെടെ 30,000-ലധികം വരെ നേടുന്നുണ്ട്.


ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ അങ്കലേശ്വറിൽ സമാനമായ സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിലാണ് മുംബൈ എയർപോർട്ടിൽ നിന്നുള്ള വീഡിയോ പുറത്ത് വന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിൽ വാക്ക്-ഇൻ ഇൻ്റർവ്യൂവിൽ നൂറുകണക്കിന് തൊഴിലന്വേഷകർ പരസ്പരം ഉന്തും തള്ളും നടത്തുന്ന വീഡിയോ ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 10 തസ്തികകളിലേക്കുള്ള ഒഴിവിലേക്കായി എത്തിയത് ഏകദേശം 1,800 ഉദ്യോഗാർഥികളായിരുന്നു. അന്ന് തിക്കിലും തിരക്കിലും റാമ്പിലെ ഒരു റെയിലിംഗ് തകർന്നുവീണതിനെ തുടർന്ന് ഉദ്യോ​ഗാർഥികളിൽ ചിലർക്ക് പരിക്കേറ്റിരുന്നു. ബിജെപിയുടെ ഗുജറാത്ത് മോഡലാണിതെന്നും രാജ്യത്തുടനീളമുള്ള തൊഴിലില്ലായ്മയുടെ മാതൃകയാണിത് വെളിവാക്കുന്നതെന്നും കോൺ​ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ അന്നത്തെ സംഭവത്തിൽ ബിജെപി എംപി മൻസുഖ് വാസവ അത് സ്വകാര്യ സ്ഥാപനത്തിന്റെ ഭാ​ഗത്ത് നിന്നുമുണ്ടായ പിഴവാണെന്നും അത്തരം സംഭവങ്ങൾ ഉണ്ടാവില്ലെന്ന് ഇനി ഉറപ്പാക്കാൻ ശ്രമിക്കുമെന്നും പറഞ്ഞിരുന്നു.


മുംബൈ എയർപോർട്ട് വീഡിയോ പുറത്ത് വന്നതിനെ തുടർന്ന് കോൺഗ്രസ് എം.പി വർഷ ഗെയ്‌ക്‌വാദ് ബിജെപിയ്ക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തി. റഷ്യയ്ക്കും ഇസ്രായേലിനും വേണ്ടി യുദ്ധം ചെയ്യാൻ വരെ യുവാക്കൾ തയ്യാറാവുന്ന തരത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ തൊഴിലില്ലായ്മ രൂക്ഷമായതായി വർഷ ​ഗെയ്ക്വാദ് കുറ്റപ്പെടുത്തി. ജോലിയെക്കുറിച്ച് കേൾക്കുമ്പോഴേക്കും ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടുകയാണ്. ഈ തിക്കും തിരക്കും കാണുമ്പോൾ ഭയമാകുന്നുവെന്നും അവർ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. 


അതേസമയം വൈറൽ വീഡിയോയോട് എയർ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

SCROLL FOR NEXT