യുക്രെയ്നിലെ ഊർജ, അടിസ്ഥാന സൗകര്യങ്ങള്‍ക്കുനേർക്കുള്ള ആക്രമണം നിർത്തിവെയ്ക്കാന്‍ സമ്മതിച്ച് റഷ്യ. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി നടന്ന ഒന്നര മണിക്കൂർ നീണ്ട വിശദമായ ഫോൺ സംഭാഷണത്തിലാണ് തീരുമാനം. 30 ദിവസത്തേക്ക് ഊർജ കേന്ദ്രങ്ങള്‍ ആക്രമിക്കരുതെന്ന ട്രംപിന്‍റെ നിർദേശം പുടിന്‍ അംഗീകരിച്ചു. എന്നാല്‍ നിബന്ധനകളുടെ ഒരു നീണ്ട പട്ടിക തന്നെ പുടിന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.
റഷ്യയുടെ സുരക്ഷാ താൽപ്പര്യങ്ങളും യുദ്ധത്തിന്‍റെ മൂലകാരണവും കണക്കിലെടുക്കണമെന്ന് പുടിന്‍ ട്രംപിനോട് പറഞ്ഞു. യുക്രെയ്നുള്ള എല്ലാ വിദേശ സൈനിക സഹായവും ഇന്‍റലിജന്‍സ് സഹായങ്ങളും പൂർണമായും നിർത്തലാക്കണമെന്ന് റഷ്യൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. കരാര്‍ പ്രകാരം, ഇരുപക്ഷവും 175 യുദ്ധത്തടവുകാരെ കൈമാറുമെന്നാണ് റഷ്യന്‍ വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നത്. പൂർണ തോതിലുള്ള വെടിനിർത്തലും ശാശ്വത സമാധാനവും ഇരു രാജ്യങ്ങൾക്കിടയിൽ സ്ഥാപിക്കാൻ യുഎസിന്റെ നേതൃത്വത്തിൽ മിഡിൽ ഇസ്റ്റിൽ മധ്യസ്ഥ ചർച്ചകൾ നടക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. റഷ്യ-യുഎസ് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും ഇരു നേതാക്കളും ചർച്ച നടത്തി.
വ്ളാഡിമിർ പുടിനുമായി യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനെപ്പറ്റി സംസാരിക്കാൻ ആലോചിക്കുന്നതായി ഡൊണാൾഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. മധ്യസ്ഥ ചർച്ചയിൽ ചില ആസ്തികൾ വീതം വയ്ക്കുന്നിനെപ്പറ്റി ധാരണ ആയതായാണ് ട്രംപ് പറഞ്ഞത്. വെടിനിർത്തൽ കരാറിൽ യുക്രെയ്നുമായി നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. താൽക്കാലിക വെടിനിർത്തൽ യുക്രെയ്ൻ സൈന്യത്തിന് ആക്രമണം നടത്താൻ സമയം നൽകുമെന്നതായിരുന്നു റഷ്യൻ പ്രസിഡന്റിന്റെ പ്രധാന ആശങ്ക. അതിനാലാണ് യുഎസ് മധ്യസ്ഥതയെ അംഗീകരിക്കുമ്പോഴും അവർ മുന്നോട്ട് വെച്ച വെടിനിർത്തൽ കരാറിൽ പല ഉപാധികളും റഷ്യ മുന്നോട്ട് വച്ചത്. യുക്രെയ്ൻ മിന്നലാക്രമണത്തിലൂടെ പിടിച്ചെടുത്ത കുർസ്ക് മേഖല തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് നിലവിൽ റഷ്യ. കരാർ നിലവിൽ വരികയും തൽസ്ഥിതി തുടരേണ്ട അവസ്ഥ വരികയും ചെയ്താല്‍ പ്രദേശം രാജ്യത്തിന് നഷ്ടമാകുമെന്ന് ഭയന്നാണ് റഷ്യയുടെ ആക്രമണം.