NEWSROOM

യുക്രെയ്നിലേക്കുള്ള യാത്രയില്‍ മാക്രോണ്‍ കൊക്കെയ്ന്‍ ഉപയോഗിച്ചോ? മറുപടിയുമായി ഫ്രാന്‍സ്

റഷ്യൻ അനുകൂല സമൂഹമാധ്യമ പേജുകളിലാണ് ആദ്യം ഇത്തരത്തിലൊരു വാർത്ത വന്നത്

Author : ന്യൂസ് ഡെസ്ക്

യുക്രെയ്ൻ സന്ദർശന യാത്രയില്‍ ഫ്രഞ്ച് പ്രസിഡന്റും ജർമൻ ചാൻസലറും കൊക്കെയ്ൻ ഉപയോ​ഗിച്ചുവെന്ന റഷ്യൻ പ്രചരണം തള്ളി ഫ്രാൻസ്. കീവിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണും ജർമൻ ചാൻസലർ ഫ്രെഡറിക് മെർസും കൊക്കെയ്ൻ ഉപയോ​ഗിച്ചുവെന്നത് 'തെറ്റായ വിവരം' ആണെന്നാണ് എലിസീ കൊട്ടാരത്തിന്‍റെ മറുപടി.


റഷ്യൻ അനുകൂല സമൂഹമാധ്യമ പേജുകളിലാണ് ആദ്യം ഇത്തരത്തിലൊരു വാർത്ത വന്നത്. ഇത് റഷ്യൻ വക്താവും മറ്റ് അധികൃതരും ഏറ്റെടുക്കുകയായിരുന്നു. യുക്രെയ്ൻ അനുകൂല നിലപാട് സ്വീകരിക്കുന്ന യൂറോപ്യൻ രാജ്യങ്ങളെ സമ്മർദത്തിലാക്കാനുള്ള റഷ്യൻ ശ്രമങ്ങളുടെ ഭാ​ഗമാണ് കുപ്രചരണങ്ങളെന്നാണ് ഫ്രാന്‍സിന്‍റെ ആരോപണം.

"വിദേശത്തും നാട്ടിലുമുള്ള ഫ്രാൻസിന്റെ ശത്രുക്കളാണ് ഈ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്. ഇത്തരം കൃത്രിമപ്പണികളിൽ വീഴാതിരിക്കാൻ ജാ​ഗ്രത പാലിക്കണം," എലിസീ കൊട്ടാരം എക്സിൽ കുറിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും മെർസിനുമൊപ്പമുള്ള മാക്രോണിന്റെയും ക്യാബിനിലെ മേശയിൽ കിടക്കുന്ന ടിഷ്യൂ പേപ്പറിന്റെയും ചിത്രങ്ങൾ സഹിതമായിരുന്നു പോസ്റ്റ്. 'മൂക്ക് ചീറ്റാനുള്ള ടിഷ്യുവാണിതെന്നാണ്' ഒരു ചിത്രത്തിൽ എഴുതിയിരിക്കുന്നത്. 'ഇതാണ് സമാധാനത്തിനായുള്ള യൂറോപ്യൻ ഐക്യം' എന്നാണ് നേതാക്കളുടെ ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷൻ.

റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ ഉൾപ്പെടെയുള്ള മുതിർന്ന റഷ്യൻ ഉദ്യോ​ഗസ്ഥർ തങ്ങളുടെ ടെലഗ്രാം ചാനലിലൂടെയാണ് 'കൊക്കെയ്ൻ ആരോപണം' പ്രചരിപ്പിച്ചത്. വ്‌ളാഡിമർ പുടിന്റെ ദൂതനും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (ആർഡിഐഎഫ്) തലവനുമായ കിറിൽ ദിമിത്രീവും യൂറോപ്യൻ നേതാക്കളെപ്പറ്റിയുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുൻകൈയെടുത്തിരുന്നു.

മെയ് 12 മുതൽ 30 ദിവസത്തെ നിരുപാധിക വെടിനിർത്തലിന് റഷ്യ തയ്യാറാകണമെന്ന് യൂറോപ്യൻ യൂണിയന്‍ പുടിന് അന്ത്യശാസനം നല്‍കിയിരുന്നു. ഇതാണ് റഷ്യയെ പ്രകോപിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. യൂറോപ്യന്‍ യൂണിയന്‍റെ നിർദേശം റഷ്യ നിരസിച്ചാൽ, ഉപരോധം വർധിപ്പിക്കുമെന്നാണ് യൂറോപ്പും യുഎസും നൽകിയിരിക്കുന്ന മുന്നറിയിപ്പ്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കിയുടെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും പിന്തുണയുള്ള നിർദേശമായിരുന്നു ഇത്. എന്നാൽ യൂറോപ്യന്‍ യൂണിയന്‍റെ അന്ത്യശാസനത്തെ തള്ളിക്കളഞ്ഞ പുടിൻ യുക്രെയ്നെ നേരിട്ടുള്ള ചർച്ചകൾക്ക് ക്ഷണിച്ചു. വൊളോഡിമർ സെലൻസ്കി ഈ ക്ഷണം സ്വീകരിക്കുകയും ചെയ്തു. മെയ് 15 മുതൽ ഇസ്താംബുളിൽ ചർച്ചകൾ ആരംഭിക്കാം എന്നാണ് പുടിൻ അറിയിച്ചിരിക്കുന്നത്.

SCROLL FOR NEXT