NEWSROOM

ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കണം; റഷ്യയിൽ 25 വയസിൽ താഴെയുള്ള വിദ്യാർഥിനികൾക്ക് ധനസഹായം

ജനസംഖ്യാ ഇടിവ് വൻ ഭീഷണിയാകുമെന്ന സാഹചര്യത്തിലാണ് റഷ്യയുടെ പുതിയ പദ്ധതി

Author : ന്യൂസ് ഡെസ്ക്


25 വയസ്സിനു താഴെയുള്ള വിദ്യാർഥിനികൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയാൽ ഒരു ലക്ഷം റൂബിൾ അധിക സഹായം നൽകുമെന്ന് റഷ്യൻ സർക്കാർ. യുക്രെയ്നുമായുള്ള സംഘർഷം റഷ്യയിലെ ജനസംഖ്യ കുറയാൻ കാരണമായിട്ടുണ്ട്. അതിനാൽ ജനസംഖ്യാ ഇടിവ് വൻ ഭീഷണിയാകുമെന്ന സാഹചര്യത്തിലാണ് റഷ്യയുടെ പുതിയ പദ്ധതി.

ദി മോസ്കൊ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ആരോഗ്യമുള്ള കുട്ടികളെ പ്രസവിക്കുന്ന 25 വയസ്സിൽ താഴെയുള്ള വിദ്യാർഥിനികൾക്ക് ഒരു ലക്ഷം റൂബിൾ സമ്മാനമായി ലഭിക്കും. പ്രദേശത്തെ സർവകലാശാലയിലെയോ കോളേജുകളിലെയോ വിദ്യാർഥിനികൾക്കാണ് ഈ സമ്മാനം ലഭിക്കുകയെന്നും റിപ്പോർട്ട് പറയുന്നു. ആരോഗ്യമില്ലാത്ത കുഞ്ഞാണെങ്കിൽ ഈ ആനുകൂല്യം ലഭ്യമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കു‌ഞ്ഞിൻ്റെ സംരക്ഷണ ചെലവുകൾക്കും അമ്മയുടെ ആരോഗ്യ പരിപാലനത്തിനും മറ്റും ധനസഹായം സർക്കാറിൽ നിന്നുണ്ടാവുമോ എന്ന് വ്യക്തമാക്കിയിട്ടില്ലെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. റഷ്യയിലെ ജനനനിരക്ക് നിലവിൽ ഏറ്റവും താഴ്ന്ന നിലയിലാണ്. 2024 ൻ്റെ ആദ്യപകുതിയിൽ ജനിച്ചത് 599,600 കുട്ടികളാണ്. 25 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

അതേസമയം, 2023 ലെ കണക്കനുസരിച്ച് 16000 കുട്ടികളുടെ കുറവാണ് രാജ്യത്തുണ്ടായത്. രാജ്യത്തിൻ്റെ ഭാവി അപകടത്തിലാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. പ്രസവാനന്തര ആനുകൂല്യങ്ങളും റഷ്യൻ ഭരണകൂടം വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ 6,30,400 റൂബിളായിരുന്നത് 2025 തുടക്കം മുതൽ 6,77,000 റൂബിളാക്കി ഉയർത്തി. ആദ്യ പ്രസവത്തിനാണ് ഇത് ലഭിക്കുക.

രണ്ടാം തവണ പ്രസവിക്കുന്നവർക്കുള്ള ധനസഹായം 8,33,000 റൂബിളിൽ നിന്ന് 8,94,000 റൂബിളാക്കി വർദ്ധിപ്പിച്ചു. യുക്രെയ്നുമായുള്ള സംഘർഷത്തിനു പിന്നാലെ ജനസംഖ്യാപരമായുള്ള പ്രതിസന്ധി പരിഹരിക്കാനാണ് ഇത്തരത്തിലുള്ള നയങ്ങൾ റഷ്യ അവതരിപ്പിക്കുന്നത്. റഷ്യ മാത്രമല്ല, ചൈനയും ജപ്പാനും ഇതേ രീതി പിൻതുടരുന്നുണ്ട്.

SCROLL FOR NEXT