യൂലിയ നവല്‍നയ 
NEWSROOM

യുക്രെയ്ന്‍ യുദ്ധം: പുടിനുമായുള്ള ചര്‍ച്ചയിലൊന്നും കാര്യമില്ല, അയാള്‍ ഒറ്റും: മുന്നറിയിപ്പുമായി നവല്‍നിയുടെ ഭാര്യ

'പുടിനുമായി ചര്‍ച്ചയ്ക്ക് നിങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഒന്നോര്‍ക്കുക, അയാള്‍ കള്ളം പറയും. അയാള്‍ ഒറ്റും. അവസാന നിമിഷം നിയമങ്ങള്‍ മാറ്റും'

Author : ന്യൂസ് ഡെസ്ക്



യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ച ചെയ്യുന്നതില്‍ മുന്നറിയിപ്പുമായി വിമത നേതാവ് അലക്സി നവല്‍നിയുടെ വിധവ യൂലിയ നവല്‍നയ. 'പുടിനുമായി ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ല. അയാള്‍ കള്ളം പറയും, ഒറ്റും' എന്നിങ്ങനെയായിരുന്നു യൂലിയയുടെ മുന്നറിയിപ്പ്. മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍, യുക്രെയ്ന്‍ യുദ്ധത്തിന് അറുതി വരുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് യൂലിയയുടെ പ്രതികരണം.

'പുടിനുമായി ചര്‍ച്ചയ്ക്ക് നിങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഒന്നോര്‍ക്കുക, അയാള്‍ കള്ളം പറയും. അയാള്‍ ഒറ്റും. അവസാന നിമിഷം അയാള്‍ നിയമങ്ങള്‍ മാറ്റും. അദ്ദേഹത്തിന്റെ ഗെയിം കളിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിക്കപ്പെടും. പുടിനുമായുള്ള ഏതൊരു ഇടപാടിനും രണ്ട് സാധ്യതകൾ മാത്രമേയുള്ളൂ. അയാള്‍ അധികാരത്തിൽ തുടർന്നാൽ, കരാർ ലംഘിക്കാൻ ഒരു വഴി കണ്ടെത്തും. അയാള്‍ക്ക് അധികാരം നഷ്ടപ്പെട്ടാൽ, കരാർ അർഥശൂന്യമാകും' -പുടിനുമായുള്ള സന്ധി ചര്‍ച്ചകളെക്കുറിച്ചുള്ള യോഗത്തില്‍ യൂലിയ അഭിപ്രായപ്പെട്ടു. പുടിന്‍ ഭരണകൂടത്തിന്റെ നിശിത വിമര്‍ശകയാണ് യൂലിയ. നവല്‍നിയുടെ മരണത്തിനുശേഷം, പ്രതിപക്ഷ നിരയില്‍ ഏറ്റവും സ്വാധീനമുള്ള നേതാവായി യൂലിയ മാറിയിരുന്നു. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 16നായിരുന്നു നവല്‍നിയുടെ മരണം.

റഷ്യ-യുക്രെയ്ന്‍ യുദ്ധം എങ്ങനെ അവസാനിപ്പിക്കാം എന്നതാണ്, ജര്‍മന്‍ നഗരമായ ബെയ്റിഷെര്‍ ഹോഫില്‍ ആരംഭിച്ച മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സിലെ ഇത്തവണത്തെ പ്രധാന ചര്‍ച്ചാ വിഷയം. യുദ്ധം അവസാനിപ്പിക്കാന്‍ പുടിനുമായി ചര്‍ച്ച ചെയ്യുന്നതിനെക്കുറിച്ചാണ് യു.എസ്, യുക്രെയ്ന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തത്. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ടെന്ന് നാടുകടത്തപ്പെട്ട ബെലാറസ് പ്രതിപക്ഷ നേതാവ് സ്വിറ്റ്ലാന സികനൗസ്കയയും അഭിപ്രായപ്പെട്ടു. റഷ്യന്‍ ആക്രമണത്തിനെതിരെ യുക്രെയ്നെ പിന്തുണയ്ക്കുന്നത് ബെലാറസ്, മോള്‍ഡോവ ഉള്‍പ്പെടെ മറ്റു രാജ്യങ്ങള്‍ക്കുകൂടി സഹായകമാകും. യുക്രെയ്നെ സഹായിക്കുന്നത്, മേഖലയ്ക്കും സഹായകമാണ്. യുദ്ധാനന്തരം യുക്രെയ്ന്‍ മുന്നിലെത്തിയില്ലെങ്കില്‍ ബെലാറസില്‍ സ്വാധീനം നിലനിര്‍ത്താന്‍ പുടിന്‍ ശക്തനാകുമെന്നും സികനൗസ്കയ കൂട്ടിച്ചേര്‍ത്തു.

മ്യൂണിക്ക് കോണ്‍ഫറന്‍സിന് ദിവസങ്ങള്‍ക്കുമുമ്പ്, പുടിനുമായും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്കിയുമായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചക്ക് ഇരുനേതാക്കളും സമ്മതിച്ചതായും, ഉടന്‍ തന്നെ അത് ആരംഭിക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. യുദ്ധത്തിന് അറുതി വരുത്താന്‍ റഷ്യയുമായി കരാറുണ്ടാക്കുമെന്നും ട്രംപ് ആവര്‍ത്തിച്ചിരുന്നു. സംഘർഷം അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളും വിട്ടു വീഴ്ചകൾക്ക് തയ്യാറാകണമെന്നാണ് യുഎസിൻ്റെ പക്ഷം. ട്രംപിൻ്റെ മധ്യസ്ഥതയിൽ റഷ്യ ചർച്ചയ്ക്കു തയ്യാറായാൽ പിടിച്ചെടുത്ത പ്രദേശങ്ങൾ കൈമാറാൻ തയ്യാറാണെന്ന് സെലൻസ്കിയും വ്യക്തമാക്കിയിരുന്നു. കരാറുണ്ടാക്കുന്നുണ്ടെങ്കില്‍ കര്‍ശനമായ സുരക്ഷാ ഉറപ്പുകൾ നൽകണമെന്നും സെലൻസ്കി പറഞ്ഞിരുന്നു.


SCROLL FOR NEXT