NEWSROOM

അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് റഷ്യയെ പിന്തുണക്കും; സെെനിക സഹകരണം തള്ളാതെ ഉത്തരകൊറിയ

ഉത്തര കൊറിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെെനിക വിന്യാസങ്ങളിലൊന്നാകും ഇതെന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്



റഷ്യയ്ക്കുവേണ്ടി 3000 ത്തോളം സെെനികരെ കെെമാറിയെന്ന യുക്രെയ്ന്‍റെ ആരോപണം തള്ളാതെ ഉത്തരകൊറിയ. അന്താരാഷ്ട്രനിയമങ്ങള്‍ അനുസരിച്ച് റഷ്യയെ പിന്തുണക്കുമെന്ന ഉത്തരകൊറിയയുടെ ഔദ്യോഗിക പ്രതികരണം വന്നതോടെ, ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സെെനിക സഹകരണം സ്ഥിരീകരിക്കപ്പെടുകയാണ്. ഉത്തര കൊറിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെെനിക വിന്യാസങ്ങളിലൊന്നാകും ഇതെന്നാണ് സൂചന.

വിയറ്റ്നാം യുദ്ധത്തില്‍ അമേരിക്കൻ-ദക്ഷിണ കൊറിയൻ സെെന്യത്തിനെതിരെ ആയിരത്തോളം സെെനികരെ അയച്ചതില്‍ നിന്ന് തുടങ്ങുന്നു ഉത്തര കൊറിയയുടെ സെെനിക സഹകരണങ്ങളുടെ സ്ഥിരീകരിക്കപ്പെട്ടതും അല്ലാത്തതുമായ ഗൂഢചരിത്രം. 1966 നും 1972 നും ഇടയില്‍ ഉത്തര കൊറിയയുടെ നൂറുകണക്കിന് വ്യോമസേനാ പെെലറ്റുമാരെയടക്കം വിയറ്റ്നാം യുദ്ധത്തില്‍ വിന്യസിച്ച കാര്യം 2017 ല്‍ ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രാലയം പുറത്തുവിട്ടിരുന്നു. 1967 മുതൽ 1969 കാലയളവില്‍ ഈ സേന ചുരുങ്ങിയത് 26 യുഎസ് വിമാനങ്ങൾ വെടിവെച്ചിട്ടെന്നും 14 ഉത്തര കൊറിയന്‍ സെെനികർ യുദ്ധത്തില്‍ കൊല്ലപ്പെട്ടെന്നും വിയറ്റ്നാമിലെ ഒരു വ്യോമസേനാ ഉദ്യോഗസ്ഥനും വെളിപ്പെടുത്തിയിരുന്നു.

പശ്ചിമേഷ്യയില്‍ സിറിയയുമായും ഇറാനുമായും ഉത്തരകൊറിയക്ക് ദീർഘകാലത്തെ സെെനിക സഹകരണം ഉണ്ടായിട്ടുണ്ട്. സിറിയയും ഉത്തര കൊറിയുമായുള്ള രാസ ആയുധ സഹകരണം ശരിവെച്ച് 2007 ല്‍ വടക്കൻ സിറിയയിലെ ഉത്തര കൊറിയയുടെ പ്ലൂട്ടോണിയം ആണവകേന്ദ്രം ഇസ്രയേല്‍ സെെന്യം തകർത്തിരുന്നു. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ രണ്ട് ഉത്തര കൊറിയൻ സൈനിക യൂണിറ്റുകൾ പ്രസിഡണ്ട് ബാഷർ അൽ-ആസാദിന് വേണ്ടി പോരാടിയതായി 2016 ല്‍ റഷ്യന്‍ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇറാനും- ഉത്തരകൊറിയയും തമ്മിൽ ബാലിസ്റ്റിക് മിസൈൽ പദ്ധതി സജീവമാക്കിയ കാര്യം 2021 ലാണ് യുഎന്‍ സ്ഥിരീകരിച്ചത്. 2002-ൽ ടെഹ്റാനിലെ നതാൻസ് ആണവ കേന്ദ്രത്തില്‍ ഉത്തര കൊറിയൻ ആണവ, മിസൈൽ വിദഗ്ധരുടെ സംഘം സന്ദർശിച്ചതായി 2015-ൽ ഇറാനില്‍ നിന്ന് നാടുകടത്തപ്പെട്ട ഒരു ഇറാനിയൻ വിമത സംഘം വെളിപ്പെടുത്തിയിരുന്നു. ഹമാസ് അടക്കം ഇറാൻ്റെ പിന്തുണയുള്ള സംഘങ്ങള്‍ക്ക് ഉത്തര കൊറിയ ആയുധം നല്‍കുന്നതായും ആരോപണമുണ്ട്.

യോം കിപ്പൂർ യുദ്ധത്തില്‍ ഈജിപ്തിലെ ഹൊസ്നി മുബാറക്കുമായും ഗദ്ദാഫിയുടെ ഭരണത്തിന് കീഴിൽ ലിബിയയുമായും ഉത്തരകൊറിയ സെെനിക ഉടമ്പടികളുണ്ടാക്കി. ഉത്തര കൊറിയൻ സ്ഥാപകനായ കിം ഇൽ സുങ്ങുമായി 1973 ല്‍ ഈജിപ്ത് കരാറുണ്ടാക്കിയെന്നും ഇതുപ്രകാരം, 1,500 ഓളം സെെനിക ഉദ്യോഗസ്ഥരെയും 40 ഓളം വ്യോമസേനാംഗങ്ങളെയും ഉത്തരകൊറിയ ഈജിപ്തിലേക്ക് അയച്ചതും രേഖയാണ്. 1982 ൽ ഒപ്പുവെച്ചതായി പറയപ്പെടുന്ന 10 വർഷത്തെ ഉത്തര കൊറിയ- ലിബിയ ഉടമ്പടിയില്‍, പുറത്തുനിന്നൊരാള്‍ ആക്രമിക്കുകയോ ഭീഷണിയുയർത്തുകയോ ചെയ്താല്‍ സെെനിക സഹായം നല്‍കാനായിരുന്നു ധാരണ. 1982 ല്‍ സിഐഎ ചോർത്തിയ വിവരമനുസരിച്ച് ലിബിയയെ രാജ്യത്തിന് പുറത്തെ ആണവ ആയുധകേന്ദ്രമാക്കാനാണ് ഉത്തരകൊറിയ പദ്ധതിയിട്ടത്.

ശീതയുദ്ധകാലം മുതൽ, വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളുമായി ഉത്തരകൊറിയ ആയുധ കെെമാറ്റം നടത്തിയിരുന്നു. 1999 നും 2008 നും ഇടയിൽ അംഗോള, കോംഗോ, ലിബിയ, ടാൻസാനിയ, ഉഗാണ്ട, സിംബാവെ, ഉഗാണ്ട രാജ്യങ്ങളുമായി 100-ലധികം ആയുധ കെെമാറ്റ ചർച്ചകള്‍ ഉത്തര കൊറിയ നടത്തിയതായി 2011-ൽ ഒരു ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു. കാലപ്പഴക്കം വന്ന ആയുധങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് നല്‍കി, ഇതിലൂടെ സമ്പാദിക്കുന്ന ഡോളർ ഉപയോഗിച്ച് റഷ്യയില്‍ നിന്ന് പുതിയ ആയുധങ്ങള്‍ വാങ്ങലാണ് ഉത്തരകൊറിയൻ രീതിയെന്നാണ് ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഏജൻസിയുടെ ആരോപണം.

ഐക്യരാഷ്ട്രസഭയുടേതടക്കം കടുത്ത ഉപരോധങ്ങളിലൂടെ കഴിഞ്ഞ പതിറ്റാണ്ടില്‍ ഈ ഇടപാടുകള്‍ കുറഞ്ഞെങ്കിലും, ആഫ്രിക്കയിലെ ആഭ്യന്തര സംഘർഷങ്ങളെ ആളിക്കത്തിക്കാന്‍ ഉത്തര കൊറിയൻ ഇടപെടലുകള്‍ കാരണമായി. അതുകൊണ്ടുതന്നെ യുക്രെയ്നെതിരായ യുദ്ധത്തില്‍ റഷ്യയ്ക്കൊപ്പം ചേരാനുള്ള ഉത്തരകൊറിയുടെ നീക്കത്തെ ആശങ്കയോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്.

SCROLL FOR NEXT