NEWSROOM

പതിറ്റാണ്ടുകൾക്ക് ശേഷം ലോകനേതാക്കളെ സ്വാഗതം ചെയ്ത് റഷ്യ; ബ്രിക്‌സ് ഉച്ചകോടിയിലൂടെ പുടിൻ ഉന്നം വെയ്ക്കുന്നതെന്ത്?

റഷ്യ-യുക്രെയ്ൻ സംഘർഷം ആരംഭിച്ചത് മുതൽ ഒറ്റപ്പെട്ട വ്ളാഡ്മിർ പുടിനെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടി വളരെ പ്രധാനപ്പെട്ടതാണ്

Author : ന്യൂസ് ഡെസ്ക്




ബ്രസീൽ,റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ സമ്മേളനമായ ബ്രിക്സ് ഉച്ചകോടിയ്ക്ക് റഷ്യയിൽ തുടക്കമായിരിക്കുകയാണ്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ലോകനേതാക്കളെ റഷ്യ രാജ്യത്തേക്ക് സ്വീകരിക്കുന്നത്. റഷ്യ-യുക്രെയ്ൻ സംഘർഷം ആരംഭിച്ചത് മുതൽ ഒറ്റപ്പെട്ട വ്ളാഡ്മിർ പുടിനെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടി വളരെ പ്രധാനപ്പെട്ടതാണ്.

റഷ്യൻ അധിനിവേശം ആരംഭിച്ച് ഒരു മാസത്തിനുശേഷം, കാനഡ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ന്യൂസിലാൻഡ്, തായ്‌വാൻ, ബ്രിട്ടൺ,അമേരിക്ക എന്നീ രാജ്യങ്ങൾ റഷ്യൻ ബാങ്കുകൾ, എണ്ണ ശുദ്ധീകരണശാലകൾ, സൈനിക കയറ്റുമതി എന്നിവയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. പിന്നാലെ റഷ്യയ്ക്കും സഖ്യകക്ഷികൾക്കുമെതിരെ ലോകരാജ്യങ്ങളിൽ നിന്നും കൂടുതൽ ഉപരോധങ്ങളുമുണ്ടായി. റോം ചട്ടത്തിൽ ഒപ്പ് വെച്ച രാജ്യങ്ങളെലേക്കൊന്നും പുടിന് യാത്ര ചെയ്യാൻ കഴിയില്ലെന്നത് തന്നെയാണ് ഇൻ്റർനാഷണൽ ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറൻ്റ് അർഥമാക്കുന്നത്. റോം ചട്ടത്തിൽ ഒപ്പ് വെച്ച സൗത്ത് ആഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ റഷ്യ പങ്കാളിയാവാഞ്ഞതും ഇക്കാരണത്താലാണ്.

ഭൂരിഭാഗം പാശ്ചാത്യ രാജ്യങ്ങളും തനിക്ക് വിലക്ക് കൽപിച്ച സാഹചര്യത്തിൽ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചുകൊണ്ട് ലോകനേതാക്കൾ തനിക്കൊപ്പമുണ്ടെന്ന് കാണിക്കാൻ ശ്രമിക്കുകയാണ് പുടിൻ. യുദ്ധവും പശ്ചാത്യ ഉപരോധങ്ങളും ഉണ്ടായിരുന്നിട്ടും റഷ്യയുമായി സംവദിക്കാനും വ്യാപാരം നടത്താനും നേതാക്കളുണ്ടെന്ന സന്ദേശം ലോകരാജ്യങ്ങൾക്ക് നൽകുകയാണ് പുടിൻ്റെ ഉദ്ദേശ്യമെന്ന് റഷ്യ ആൻഡ് യുറേഷ്യ പ്രോഗ്രാം അസോസിയേറ്റ് ഫെല്ലോയെ ഉദ്ധരിച്ച് കൊണ്ട് അന്താരാഷ്ട്ര മാധ്യമമായ അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.


ഇന്ത്യ യുദ്ധത്തെയല്ല, ചർച്ചകളെയും നയതന്ത്രത്തെയുമാണ് പിന്തുണക്കുന്നതെന്ന് പറഞ്ഞുകൊണ്ട് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ സംഘർഷങ്ങളും ചർച്ചയിലൂടെ പരിഹരിക്കാമെന്നായിരുന്നു പുടിന് മോദി നൽകിയ ഉപദേശം.  

പാശ്ചാത്യരാജ്യങ്ങളുടെ നേതൃത്വത്തിലുള്ള ആഗോള ഭരണ സ്ഥാപനങ്ങളോടുള്ള, പ്രത്യേകിച്ച് സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിലുള്ള വിയോജിപ്പാണ് ബ്രിക്‌സ് അംഗങ്ങളെ ഒന്നിപ്പിക്കുന്ന പ്രധാന ഘടകം. യുക്രെയ്ൻ അധിനിവേശത്തിന് ശേഷം പശ്ചാത്യരാജ്യങ്ങൾ റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയ വിലക്ക്, ഗ്ലോബൽ സൗത്ത് രാജ്യങ്ങളിലും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇവർ ആഗോള സാമ്പത്തിക തലത്തിൽ തങ്ങൾക്ക് നേരെ തിരിയുമെന്നതാണ് ഇതിനുള്ള പ്രധാന കാരണം.

യുഎസ് ഡോളറിലും സ്വിഫ്റ്റ് സിസ്റ്റത്തെയും ആശ്രയിച്ചുകൊണ്ടുള്ള ആഗോള സമ്പത്തിക നയത്തിൽ മാറ്റം സൃഷ്ടിക്കണമെന്നാണ് ബ്രിക്സ് രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. ബ്രസീൽ പ്രസിഡൻ്റ് ലുല ഡാൽ സിൽവ ബ്രിക്സ് കറൻസിയെന്ന ട്രേഡിങ്ങ് കറൻസി ആശയവും മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഇത്തരം ആശയങ്ങൾ വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ബ്രിക്‌സ് കറൻസി എത്രത്തോളം യാഥാർത്ഥ്യമാകുമെന്ന സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.



SCROLL FOR NEXT