യുക്രെയ്‌നിലെ ഖാർകിവില്‍ വീണ്ടും ആക്രമണം നടത്തി റഷ്യ. കെട്ടിടങ്ങള്‍ക്ക് നേരെയായിരുന്നു റഷ്യൻ സൈന്യത്തിന്‍റെ ആക്രമണം. രാത്രിയില്‍ തുടർച്ചയായി രണ്ടു തവണ നടന്ന ആക്രമണത്തിൽ കുറഞ്ഞത് 21 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പരുക്കേറ്റവരിൽ എട്ട് വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു.
കെഎബി-ടൈപ്പ് ഏരിയല്‍ ഗ്ലൈഡ് ബോംബുകള്‍ ഉപയോഗിച്ചായിരുന്നു ഖാർകിവിലെ ആക്രമണം. യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൻ്റെ വടക്ക് ഭാഗത്തുള്ള ഷെവ്‌ചെങ്കിവ്‌സ്‌കി ഡിസ്‌ട്രിക്ടിലാണ് ബോംബാക്രമണം നടന്നത്. 16-ഉം ഒമ്പതും നിലകളുള്ള കെട്ടിടങ്ങൾ ഉൾപ്പെടെ, റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് വ്യത്യസ്ത അളവിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രാദേശിക ഗവർണർ ഒലെഹ് സിനീഹുബോവ് പറഞ്ഞു. 18 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഖാർകിവ് സിറ്റി കൗൺസിലും അറിയിച്ചു.
Also Read: യുക്രെയ്നുമായുള്ള യുദ്ധത്തിൽ മരിക്കുന്ന റഷ്യൻ സൈനികരുടെ എണ്ണം 70,000 കവിഞ്ഞതായി റിപ്പോർട്ട്
2022 ഫെബ്രുവരിയിൽ യുക്രെയ്‌ന്‍ കടന്നുകയറ്റം ആരംഭിച്ചതു മുതല്‍ ഖാർകിവ് റഷ്യന്‍ സൈന്യത്തിന്‍റെ പതിവ് ലക്ഷ്യങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ വെള്ളിയാഴ്ച , ഖാർകിവിന്‍റെ സമീപപ്രദേശങ്ങളിൽ നടന്ന റഷ്യൻ വ്യോമാക്രമണത്തിൽ 10 ഉം 12 ഉം വയസ്സുള്ള കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് പരുക്കേറ്റിരുന്നു.
അതേസമയം, യുക്രെയ്‌ന്‍ പ്രസിഡന്‍റ് വൊളോഡിമിർ സെലന്‍സ്കി ആക്രമണത്തില്‍ അപലപിച്ചു. ജീവന്‍ സംരക്ഷിക്കാന്‍ യുക്രെയ്‌ന് കൂടുതല്‍ ആയുധങ്ങള്‍ വേണമെന്ന് സെലന്‍സ്കി പാശ്ചാത്യ സഖ്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. സ്വീഡിഷ് നിർമിത ആയുധങ്ങള്‍ക്കായും യൂറോപ്യന്‍ യൂറോഫൈറ്റർ ടൈഫൂണ്‍ ജെറ്റുകള്‍ക്കുമായുള്ള ചർച്ചകള്‍ സഖ്യരാജ്യങ്ങളുമായി നടക്കുകയാണെന്ന് യുക്രെയ്‌ന്‍ പ്രതിരോധ മന്ത്രി റസ്റ്റം ഉമെറോവും പറഞ്ഞു.