യുക്രെയ്‌നിലെ കിഴക്കൻ നഗരമായ ഖാർകീവിൽ റഷ്യൻ ആക്രമണത്തിൽ ഒരു പെൺകുട്ടി ഉൾപ്പടെ ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഖാർകീവിലെ ബഹുനില കെട്ടിടത്തിലാണ് ബോംബാക്രമണമുണ്ടായത്.
റഷ്യയിലെ കസ്കിൽ യുക്രെയ്ൻ സൈന്യം നടത്തിയ മുന്നേറ്റത്തിനുള്ള മറുപടിയായി ആയിരുന്നു ഒരിടവേളയ്ക്ക് ശേഷം ഖാർകീവിൽ റഷ്യ ആക്രമണം. ജനങ്ങൾ താമസിക്കുന്ന ബഹുനില കെട്ടിടം ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രമണത്തിൽ സമീപത്തെ പാർക്കിൽ കളിക്കുകയായിരുന്ന 14 വയസ്സുകാരി ഉൾപ്പടെയുള്ളവരാണ് മരിച്ചത്. ഗ്ലൈഡ് ബോംബാണ് റഷ്യ ആക്രമണത്തിനായി ഉപയോഗിച്ചത്. സ്ഫോടനത്തെ തുടർന്ന് 12 നിലകളിലുള്ള കെട്ടിടത്തിൽ അഗ്നിബാധയുണ്ടായി.
ALSO READ: കുട്ടികളിൽ രോഗബാധ രൂക്ഷം; ഗാസയിലേക്ക് ലോകാരോഗ്യ സംഘടന എത്തിച്ചത് 12 ലക്ഷം പോളിയോ വാക്സിൻ
റഷ്യ- യുക്രെയ്ൻ യുദ്ധം ആരംഭിച്ച നാൾ മുതൽ ഖാർകീവ് യുദ്ധ കെടുതികള്‍ നേരിട്ട് തുടങ്ങിയതാണ്. അടുത്തിടെയാണ് ഖാർകീവിൽ യുദ്ധത്തിന്‍റെ തീവ്രത കുറഞ്ഞുവന്നത്. ഇതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റഷ്യൻ സൈന്യം 400ല്‍അധികം ഡ്രോണുകളും മിസൈലുകളുമാണ് തങ്ങൾക്ക് നേരെ തൊടുത്തുവിട്ടതെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡ്മിർ സെലൻസ്കി പറഞ്ഞു.
ഖാർകീവിൻ്റെ സമീപ പ്രദേശമായ സുമിയിൽ റഷ്യ നടത്തിയ റെയ്ഡിൽ രണ്ട് പേർ കൊല്ലപ്പെട്ടുകയും എട്ട് പേർക്ക് പരിക്കേറ്റതായും യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ കിഴക്കൻ യുക്രെയ്‌നിലെ മുന്ന് ഗ്രാമങ്ങൾ സൈന്യം പിടിച്ചെടുത്തതായി റഷ്യ അറിയിച്ചിരുന്നു. റഷ്യയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ദീർഘ ദൂര ആയുധങ്ങൾ നൽകണമെന്ന് പാശ്ചാത്യ രാജ്യങ്ങളോട് അഭ്യർത്ഥിച്ചു. റഷ്യ ലക്ഷ്യമിട്ടത് സാധാരണ ജനങ്ങളെയാണെന്നും സെലൻസ്കി ആരോപിച്ചു. ഇതിനിടെ മംഗോളിയ സന്ദർശിക്കാനൊരുങ്ങുകയാണ് പുടിൻ. യുദ്ധക്കുറ്റങ്ങൾക്ക് പുടിനെതിരെ അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച ശേഷം ആദ്യമായാണ് റഷ്യൻ പ്രസിഡന്‍റ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ അംഗീകരിക്കുന്ന ഒരു രാജ്യം സന്ദർശിക്കുന്നത്. ഇതോടെ മംഗോളിയയിൽ എത്തുമ്പോൾ പുടിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.