മനുഷ്യക്കടത്ത് റാക്കറ്റിന്‍റെ കെണിയിലകപ്പെട്ട ഹരിയാന സ്വദേശിക്ക് റഷ്യ- യുക്രെെന്‍ യുദ്ധമുഖത്ത് ദാരുണാന്ത്യം. 22കാരനായ രവി മൗൻ ആണ് കൊല്ലപ്പെട്ടത്. മകൻ്റെ തിരിച്ചു വരവ് പ്രതീക്ഷിച്ച കുടുംബമറിഞ്ഞത് യുവാവിൻ്റെ മരണവാർത്തയാണ്. പിന്നാലെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സർക്കാർ സഹായം തേടുകയാണ് അവർ.
മനുഷ്യക്കടത്ത് റാക്കറ്റുകള്‍ വഴി റഷ്യ- യുക്രെെന്‍ യുദ്ധമുഖത്തേക്ക് റിക്രൂട്ട് ചെയ്ത ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന വാർത്തയിൽ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു രവി മൗൻ്റെ കുടുംബം. ഡ്രെെവർ ജോലിക്കായാണ് ഈ വർഷം ജനുവരിയില്‍ ഇരുപത്തിരണ്ടുകാരൻ റഷ്യയിലേക്ക് പോയത്. കുടുംബത്തിന്‍റെ ആകെ സ്വത്തായ ഒരേക്കർ സ്ഥലം വിറ്റ് 11.50 ലക്ഷം രൂപ യാത്രാചെലവിനും ഏജന്‍റിന്‍റെ കമ്മീഷനുമായി കൊടുത്തു. തുടർന്ന് റഷ്യയിലെത്തിയപ്പോൾ മാത്രമാണ് രവി കെണി തിരിച്ചറിഞ്ഞത്. റഷ്യൻ സൈന്യത്തിൽ ചേർന്നില്ലെങ്കിൽ 10 വർഷം തടവ് അനുഭവിക്കേണ്ടി വരുമെന്ന് ഏജൻ്റ് ഭീഷണിപ്പെടുത്തി.
ഇതോടെ രവിക്ക് നിർബന്ധിതമായി സെെന്യത്തില്‍ ചേരേണ്ടി വന്നു. ട്രെയിനിംഗിനെക്കുറിച്ചും യുദ്ധത്തെക്കുറിച്ചും രവി ആശങ്കയോടെയാണ് സംസാരിച്ചതെന്ന് കുടുംബം പറയുന്നു. മാർച്ച് 12 നാണ് യുവാവ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. പിന്നീട് നാല് മാസക്കാലത്തോളം രവിയെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ ജൂലൈ 21 ന് രവിയെ കാണാനില്ലെന്ന് കാണിച്ച് ഇന്ത്യന്‍ എംബസിക്ക് കത്തയച്ച സഹോദരന്‍ അജയ്ക്ക് രവി മരിച്ചെന്ന മറുപടിയാണ് ലഭിച്ചത്. ഡിഎൻഎ പരിശോധനയില്‍ മൃതദേഹം രവിയുടേതാണെന്ന് ഉറപ്പിച്ചു. മൃതദേഹം വിട്ടുകിട്ടാനുള്ള സാങ്കേതിക തടസം എംബസി ഇടപെട്ട് നീക്കിയെങ്കിലും നാട്ടിലെത്തിക്കാനുള്ള പണം കുടുംബത്തിന്‍റെ കെെയ്യിലില്ല. ഇതോടെ സഹായം തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി കാത്തിരിക്കുകയാണ് കുടുംബം.
2023 ഡിസംബറിനും 2024 ഫെബ്രുവരിക്കും ഇടയിലായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 200 യുവാക്കളെ മനുഷ്യക്കടത്ത് സംഘം റിക്യൂട്ട് ചെയ്ത് റഷ്യയിലെത്തിച്ചതായാണ് അനൗദ്യോഗിക റിപ്പോർട്ട്. ഇവരുടെ മോചനത്തിനായി കേന്ദ്രസർക്കാർ ഇടപെടണമെന്ന ആവശ്യവുമായി റഷ്യയില്‍ കുടുങ്ങിയവരും അവരുടെ കുടുംബങ്ങളും രംഗത്തെത്തിയിരുന്നു. ജൂലെെയിലെ പ്രധാനമന്ത്രിയുടെ റഷ്യന്‍ സന്ദർശനത്തില്‍ ഇന്ത്യന്‍ പൗരന്മാരെ യുദ്ധമുഖത്ത് നിന്ന് തിരിച്ചെത്തിക്കണമെന്ന ഇന്ത്യയുടെ ആവശ്യം റഷ്യ അംഗീകരിക്കുകയും ചെയ്തിരുന്നു.