NEWSROOM

1.33 ലക്ഷം പൗരന്മാർ സൈന്യത്തിൽ ചേരണം; ചൈനയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ സൈനികശക്തിയാവാൻ റഷ്യ

യുക്രെയ്നുമായി യുദ്ധം ആരംഭിച്ചതിനു ശേഷം മൂന്നാം തവണയാണ് പുടിൻ സൈനികരുടെ എണ്ണം വർധിപ്പിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൂടുതൽ റഷ്യൻ പൗരൻമാർ നിർബന്ധമായും സൈനിക സേവനത്തിനിറങ്ങണമെന്ന്  ഉത്തരവിട്ട് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. ഒരു ലക്ഷത്തി മുപ്പത്തിമൂവായിരം പൗരന്മാരെ നിർബന്ധിതമായി സൈന്യത്തിൽ ചേർക്കാനാണ് പുടിൻ്റെ നീക്കം. സർക്കാർ ഗസറ്റിലൂടെയാണ് പ്രഖ്യാപനം. ചൈന കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറാനുള്ള നീക്കത്തിന്‍റെ ഭാഗമെന്നാണ് വിശദീകരണം.

റഷ്യയിലെ സൈനിക യൂണിറ്റുകളിൽ 12 മാസത്തെ സേവനമാണ് ഉത്തരവിലൂടെ ആവശ്യപ്പെടുന്നതെങ്കിലും ചേരുന്ന പലരേയും യുദ്ധമുഖത്തേക്ക് അയയ്ക്കുകയാണ് പതിവ്. യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനു ശേഷം തിരികെ വരാൻ പലർക്കും സാധിക്കാറുമില്ല. സെപ്റ്റംബറിൽ 1,80,000 സൈനികരെ ചേർക്കാൻ പുടിൻ ഉത്തരവിട്ടിരുന്നു. സൈനിക ബലം വർധിപ്പിക്കുന്നതു വഴി ചൈനയ്ക്കു ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ സൈനിക ശക്തിയാവുകയാണ് റഷ്യയുടെ ലക്ഷ്യം.


യുക്രെയ്നുമായി യുദ്ധം ആരംഭിച്ചതിനു ശേഷം മൂന്നാം തവണയാണ് പുടിൻ സൈനികരുടെ എണ്ണം വർധിപ്പിക്കുന്നത്. റഷ്യൻ നിയമമനുസരിച്ച് 18 മുതൽ 30 വയസുവരെ പ്രായമുള്ള എല്ലാ പൗരൻമാരും അടിസ്ഥാന സൈനിക പരിശീലനം നേടിയിരിക്കണം. അല്ലാത്ത പക്ഷം രണ്ട് വർഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.



SCROLL FOR NEXT