NEWSROOM

റഷ്യൻ ഉപഗ്രഹം ബഹിരാകാശത്ത് പൊട്ടിത്തെറിച്ചു! ആശങ്കാജനകമെന്ന് നാസ

2022 ൽ പ്രവർത്തന രഹിതമായെന്ന് റഷ്യ റിപ്പോർട്ട് ചെയ്ത RESURS-P1 റഷ്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് പൊട്ടിത്തെറിച്ചത്

Author : ന്യൂസ് ഡെസ്ക്

ബഹിരാകാശ നിലയത്തിന് സമീപമുള്ള ഭ്രമണപഥത്തില്‍ പ്രവര്‍ത്തന രഹിതമായ റഷ്യന്‍ ഉപഗ്രഹം നൂറിലധികം കഷ്ണങ്ങളായി പൊട്ടിത്തെറിച്ചെന്ന് റിപ്പോര്‍ട്ട്. 2022ല്‍ പ്രവര്‍ത്തന രഹിതമായെന്ന് റഷ്യ റിപ്പോര്‍ട്ട് ചെയ്ത RESURS-P1 റഷ്യന്‍ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് പൊട്ടിത്തെറിച്ചത്. ഉപഗ്രഹം പൊട്ടിത്തെറിച്ചതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. എന്നാല്‍ നിലവില്‍ ഇത് മറ്റ് ഉപഗ്രഹങ്ങള്‍ക്ക് ഭീഷണിയല്ലെന്നാണ് യുഎസ് സ്പേസ് കമാന്‍ഡ് നിരീക്ഷിക്കുന്നത്.

ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചയോടെയും കൂടിയാണ് സംഭവം നടന്നതെന്നാണ് സ്പേസ് കമാന്‍ഡ് വ്യക്തമാക്കുന്നത്. ബഹിരാകാശ നിലയത്തിന് സമീപമുള്ള ഭ്രമണപഥത്തിലാണ് ഇതുണ്ടായതെന്നും, യുഎസ് ബഹിരാകാശയാത്രികരെ ഏകദേശം ഒരു മണിക്കൂറോളം അവരുടെ ബഹിരാകാശ പേടകത്തില്‍ അഭയം പ്രാപിക്കാന്‍ ഇത് കരണമാക്കിയെന്നും നാസ അറിയിച്ചു.

അതേസമയം ഉപഗ്രഹം വിക്ഷേപിച്ച റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസ്, സംഭവത്തോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് മുതല്‍ അടിസ്ഥാന നാവിഗേഷന്‍ സേവനങ്ങള്‍ വരെയുള്ള ഉപഗ്രഹ ശൃംഖലകള്‍ക്ക് ഭൂമിയിലെ ദൈനംദിന ജീവിതത്തില്‍ സുപ്രധാനമായതിനാല്‍ ഇത്തരം സംഭവങ്ങള്‍ ആശങ്കാജനകമാണെന്ന് യുഎസ് സ്പേസ് കമാന്‍ഡ് വ്യക്തമാക്കി.

SCROLL FOR NEXT