NEWSROOM

യുക്രെയ്നില്‍ റഷ്യയുടെ മിസൈലാക്രമണം, 24 മരണം; രാജ്യത്തെ ഏറ്റവും വലിയ കുട്ടികളുടെ ആശുപത്രി തകര്‍ത്തു

സ്ഫോടനത്തിൽ ആശുപത്രിയുടെ കാൻസർ വിഭാഗവും തീവ്രപരിചരണ വിഭാഗവും പൂർണമായും തകർന്നതായി ആരോഗ്യമന്ത്രി അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

റഷ്യയുടെ മിസൈൽ ആക്രമണത്തിൽ തകർന്ന് യുക്രെയ്നിലെ ഏറ്റവും വലിയ കുട്ടികളുടെ ആശുപത്രി. തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ആക്രമണത്തിലാണ് ആശുപത്രി തകർന്നത്. കീവിലെ വിവിധയിടങ്ങളിലായി നടത്തിയ മിസൈൽ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടതായും അധികൃതർ അറിയിച്ചു. കീവ്, ഡിനിപ്രോ, ക്രൈവി റിഹ്, സ്ലോവിയൻസ്ക്, ക്രാമാറ്റോർസ്ക് തുടങ്ങിയ നഗരങ്ങളിലായി 40 ലധികം മിസൈലുകളാണ് റഷ്യ വിക്ഷേപിച്ചത്. നഗരത്തിലെ വീടുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആയിരത്തിലേറെ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കുകയും ചികിത്സ നൽകുകയും ചെയ്തുകൊണ്ടിരുന്ന ആശുപത്രിയാണ് ഇത്. റഷ്യയുടെ ആക്രമണത്തിൽ ഇത് പൂർണമായും തകർന്നിരിക്കുകയാണ്.കൂടാതെ ആശുപത്രി അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും, സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് എന്നും യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്കി വ്യക്തമാക്കി. പരുക്കേറ്റവറുടെ എണ്ണത്തിൽ വ്യക്തതയില്ലെന്നും സെലെൻസ്കിയുടെ പോസ്റ്റിൽ പറയുന്നു. സ്ഫോടനത്തിൽ ആശുപത്രിയുടെ കാൻസർ വിഭാഗവും തീവ്രപരിചരണ വിഭാഗവും പൂർണമായും തകർന്നതായി ആരോഗ്യമന്ത്രി വിക്ടർ ലിയാഷ്‌കോ അറിയിച്ചു. അതേസമയം ആക്രമണത്തെ കുറിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

SCROLL FOR NEXT