റുവാണ്ടയില്‍ ജനങ്ങള്‍ തിങ്കളാഴ്ച പോളിങ് ബൂത്തിലെത്തും. പുറത്തു വരുന്ന സൂചനകള്‍ പ്രകാരം നിലവിലെ പ്രസിഡന്‍റ് പോള്‍ കഗാമെയുടെ ഭരണം തുടരാനാണ് സാധ്യത. 30 വര്‍ഷം മുന്‍പ്, ടുട്‌സി ഗോത്രത്തില്‍പ്പെട്ട 800,000 പേരുടെ മരണത്തിന് കാരണമായ വംശഹത്യക്ക് ശേഷം ബാലറ്റിലൂടെ നടക്കുന്ന നാലാമത്തെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പാണിത്.
റുവാണ്ട പാട്രിയോട്ടിക് ഫ്രന്‍റ് റിബല്‍ ഗ്രൂപ്പിന്‍റെ നേതാവാണ് കഗാമെ. ഹുടു തീവ്രവാദ സംഘടനകളെ അടിച്ചമര്‍ത്തി വംശഹത്യ അവസാനിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച പാര്‍ട്ടിയാണ് പാട്രിയോട്ടിക് ഫ്രന്‍റ്. 2000ല്‍ പാസ്ചര്‍ ബിസിമുംഗുവിന്‍റെ രാജിയെ തുടര്‍ന്നാണ് കഗാമെ അധികാരത്തില്‍ വരുന്നത്. മുന്‍പ് നടന്ന മൂന്ന് ഇലക്ഷനുകളിലും മൊത്തം വോട്ടിന്‍റെ 90 ശതമാനവും നേടിയാണ് കഗാമെ വിജയിച്ചത്. 2015ല്‍ നടന്ന ഭരണഘടന ഭേദഗതി പ്രകാരം പ്രസിഡന്‍റിന്‍റെ കാലാവധി ഏഴ് വര്‍ഷമാണ്.
റുവാണ്ടയിലെ ഗോത്ര വിഭാഗങ്ങളെ ഐക്യ രാജ്യവും ബിസിനസ് ഹബ്ബുമായി പരിവര്‍ത്തനപ്പെടുത്തിയതില്‍ കഗാമെയുടെ പങ്ക് വലുതാണ്. എന്നാല്‍ കഗാമെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശക്തമായ സെന്‍സര്‍ഷിപ്പുകള്‍ നടത്തുന്നുവെന്ന വിമര്‍ശനവുമുണ്ട്. ഡെമോക്രാറ്റിക് ഗ്രീന്‍ പാര്‍ട്ടിയുടെ ഫ്രാങ്ക് ഹബിനേസയും സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഫിലിപ്പ് മംപായിമനയുമാണ് കഗാമയുടെ എതിര്‍ സ്ഥാനാര്‍ഥികള്‍.
തിങ്കളാഴ്ച റുവാണ്ട പാര്‍ലമെന്‍റിന്‍റെ അധോസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കും. ഈ ആഴ്ച തന്നെ തെരഞ്ഞെടുപ്പ് ഫലം വരുമെന്നാണ് റിപ്പോർട്ടുകൾ.