NEWSROOM

"സംഘർഷം രൂക്ഷമാക്കാനുള്ള ഏതൊരു ശ്രമവും ശക്തമായി ചെറുക്കും"; US ആഭ്യന്തര സെക്രട്ടറിയുമായി സംസാരിച്ച ശേഷം എസ്. ജയ്‌ശങ്കർ

സംഘർഷങ്ങളുടെ തീവ്രത കുറയ്ക്കണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനോടും മാർക്കോ റൂബിയോ ആവശ്യപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

സംഘർഷം രൂക്ഷമാക്കാനുള്ള ഏതൊരു ശ്രമവും ശക്തമായി ചെറുക്കുമെന്ന് വിദേശ്യകാര്യ മന്ത്രി എസ്. ജയശങ്കർ. യുഎസ് ആഭ്യന്തര സെക്രട്ടറി മാർക്കോ റൂബിയോയുമായി ഫോണിൽ സംസാരിച്ച ശേഷമായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. ജമ്മുവിലും അതിർത്തി സംസ്ഥാനങ്ങളിലും നടന്ന പാക് ആക്രമണങ്ങൾക്ക് പിന്നാലെയാണ് മാർക്കോ റൂബിയോയുമായി ജയ‌്ശങ്കർ ആശയവിനിമയം നടത്തിയത്.


സംഘർഷങ്ങളുടെ തീവ്രത കുറയ്ക്കണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനോടും മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. ഭീകര ഗ്രൂപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കാൻ പാകിസ്ഥാൻ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഷഹ്ബാസ് ഷെരീഫുമായുള്ള ഫോൺ സംഭാഷണത്തിൽ റൂബിയോ ആവർത്തിച്ചതായാണ് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നത്.

സംഘർഷങ്ങൾക്ക് അയവു വരുത്തണമെന്നാണ് ജയ്‌ശങ്കറിനോടും യുഎസ് ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടത്. പഹൽഗാം ഭീകരാക്രമണത്തിൽ അനുശോചനം അറിയിച്ച റൂബിയോ തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുമായി പ്രവർത്തിക്കുമെന്നും അറിയിച്ചു. പാകിസ്ഥാനുമായി നേരിട്ട് ചർച്ച് ചെയ്ത് പരിഹാരം കണ്ടെത്താൻ യുഎസിന്റെ പിന്തുണയുണ്ടാകുമെന്നും റൂബിയോ വ്യക്തമാക്കി.

അതേസമയം, ഇന്ത്യാ-പാക് സംഘർഷം രൂക്ഷമാകുകയാണ്. ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള ജമ്മു, പത്താൻകോട്ട്, ഉധംപൂർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പാകിസ്ഥാൻ ലക്ഷ്യം വച്ചതായി സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തില്‍ നാശനഷ്ടങ്ങളൊന്നുമുണ്ടായില്ലെന്നും പാക് മിസൈലുകളും ഡ്രോണുകളും നിർജീവമാക്കിയെന്നും സൈന്യം അറിയിച്ചു. ഇന്ത്യന്‍ സൈന്യം തിരിച്ചടി ആരംഭിച്ചതായും വാർത്തകള്‍ വരുന്നുണ്ട്. എന്നാല്‍, ഇക്കാര്യം സൈന്യമോ പ്രതിരോധ വകുപ്പോ സ്ഥിരീകരിച്ചിട്ടില്ല. 

SCROLL FOR NEXT