NEWSROOM

പൊലീസിനെതിരെ ആരോപണങ്ങള്‍ വരാം, ശരിയുടെ പാതയിലാണെങ്കില്‍ എന്തിന് ഭയപ്പെടണം: മലപ്പുറം മുൻ എസ്‌പി

പൊലീസിനെതിരെ ആരോപണങ്ങള്‍ വരാമെന്നും, ശരിയുടെ പാതയിലാണെങ്കില്‍ എന്തിന് ഭയപ്പെടണമെന്നും അദ്ദേഹം ചോദിച്ചു

Author : ന്യൂസ് ഡെസ്ക്

കൈകള്‍ ശുദ്ധമാണെങ്കില്‍ യാതൊന്നും ഭയപ്പെടേണ്ട കാര്യമില്ലെന്ന് മലപ്പുറം മുൻ എസ്‌പി എസ്. ശശിധരൻ ഐപിഎസ്. അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കാൻ താത്പര്യപ്പെടുന്ന ആളാണ് താനെന്നും എസ്. ശശിധരൻ ഐപിഎസ് പറഞ്ഞു. പൊലീസിനെതിരെ ആരോപണങ്ങള്‍ വരാമെന്നും, ശരിയുടെ പാതയിലാണെങ്കില്‍ എന്തിന് ഭയപ്പെടണമെന്നും അദ്ദേഹം ചോദിച്ചു. മലപ്പുറത്തുകാര്‍ വളരെ നല്ല മനുഷ്യരും സമാധാനപ്രിയരാണെന്നും ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കൂടുതലല്ലെന്നും എസ്‌പി പറഞ്ഞു.

എസ്‌പി ക്യാമ്പ് ഓഫീസിലെ മരം മുറി പരാതിയില്‍ അപ്പോള്‍ തന്നെ നടപടിയെടുത്തിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്. പി.വി. അൻവര്‍ എംഎല്‍എയുടെ മോഷണ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. വൈകാതെ എല്ലാം തെളിയിക്കാനാവുമെന്നും മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാട്ടം ശക്തമായി തുടരുമെന്നും എസ്. ശശിധരൻ അറിയിച്ചു.

പൊലീസ് തലപ്പത്തുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ കടുത്ത ആരോപണങ്ങളും പരാതിയും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പരിശോധന പുരോഗമിച്ച് വരുന്നതിനിടെയാണ് മലപ്പുറം എസ്‌പി സ്ഥാനത്ത് നിന്ന് ശശിധരനെ മാറ്റുന്നത്. സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വ്യാപകമായി നടത്തിയ അഴിച്ചുപണിയോട് ഒപ്പമായിരുന്നു അദ്ദേഹത്തിൻ്റെയും സ്ഥലമാറ്റം.

ശശിധരനെ എറണാകുളം റേഞ്ച് വിജിലന്‍സ് എസ്‌പിയായാണ് സ്ഥലം മാറ്റിയത്. പൊലീസ് ആസ്ഥാനത്തെ എഐജിയായിരുന്ന വിശ്വനാഥാണ് പുതിയ മലപ്പുറം എസ്‌പി.

SCROLL FOR NEXT