NEWSROOM

ശബരി എയര്‍പോര്‍ട്ട്; സാമൂഹികാഘാത പഠനത്തിന്‍റെ അന്തിമ റിപ്പോര്‍ട്ട് അടുത്തയാഴ്ച സര്‍ക്കാരിനു കൈമാറും

ചെറുവള്ളി എസ്റ്റേറ്റിലെ 221 കുടുംബങ്ങളെയാണ് വിമാനത്താവള നിർമ്മാണം ബാധിക്കുക. അതിര്‍ത്തിയില്‍ കല്ല് സ്ഥാപിച്ചതോടെ സ്ഥലം വിറ്റഴിക്കാനോ കൈമാറ്റം ചെയ്യാനോ കൃഷി ചെയ്യാനോ സാധിക്കാത്തതിലെ ആശങ്ക പ്രദേശവാസികള്‍ ഉന്നയിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

എരുമേലി ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിന് മുന്നോടിയായുള്ള സാമൂഹികാഘാത പഠനത്തിന്‍റെ അന്തിമ റിപ്പോര്‍ട്ട് അടുത്തയാഴ്ച സര്‍ക്കാരിനു കൈമാറും. സ്ഥലം വിട്ടുകൊടുക്കേണ്ടവര്‍ ഉന്നയിച്ച ആശങ്കളും പ്രതിസന്ധികളും ഉള്‍പ്പെടുത്തിയാവും റിപ്പോർട്ട് സമർപ്പിക്കുക.

തൃക്കാക്കര ഭാരത്‌മാതാ കോളജ് സോഷ്യല്‍ വര്‍ക്സ് വഭാഗമാണ് വിമാനത്താവള നിർമ്മാണത്തിന് മുന്നോടിയായുള്ള സാമൂഹിക ആഘാത പഠനം നടത്തിയത്. പ്രാഥമിക റിപ്പോർട്ട് സർക്കാരിന് നേരത്തെ സമർപ്പിച്ചിരുന്നു. തുടർന്ന് പ്രദേശവാസികളുടെ യോഗം വിളിച്ച് ആശങ്കകളും പരാതികളും കേട്ടു. യോഗത്തിൽ ഉന്നയിക്കപ്പെട്ട കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി സാമൂഹിക ആഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് സംഘം അടുത്തയാഴ്ച സർക്കാരിന് കൈമാറും.

ചെറുവള്ളി എസ്റ്റേറ്റിലെ 221 കുടുംബങ്ങളെയാണ് വിമാനത്താവള നിർമ്മാണം ബാധിക്കുക. അതിര്‍ത്തിയില്‍ കല്ല് സ്ഥാപിച്ചതോടെ സ്ഥലം വിറ്റഴിക്കാനോ കൈമാറ്റം ചെയ്യാനോ കൃഷി ചെയ്യാനോ സാധിക്കാത്തതിലെ ആശങ്ക പ്രദേശവാസികള്‍ ഉന്നയിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കല്‍, നഷ്ടപരിഹാരം, പുനരധിവാസം എന്നിവയില്‍ വ്യക്തമായ പാക്കേജുണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

സാമൂഹിക ആഘാത പഠന റിപ്പോർട്ട് കിട്ടിയ ശേഷമാകും സ്ഥലമേറ്റെടുപ്പിന്റെ അന്തിമ വിജ്ഞാപനം സർക്കാർ പുറപ്പെടുവിക്കുക. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2,570 ഏക്കർ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ടത്.



SCROLL FOR NEXT