പൈങ്കുനി ഉത്രം ഉത്സവത്തിനും വിഷു മഹോത്സവത്തിനും മേടമാസ പൂജകൾക്കുമായി ശബരിമല നട നാളെ തുറക്കും. നാളെ മുതൽ തുടർച്ചയായി 18 ദിവസമാണ് നട തുറന്നിരിക്കുക. ഏപ്രിൽ രണ്ടിനാണ് പൈങ്കുനി ഉത്രം ഉത്സവത്തിന് കൊടിയേറുക. ഏപ്രിൽ 11ന് പമ്പയിൽ ആറാട്ടും നടക്കും.
രണ്ടാം തീയതി മുതൽ ദിവസവും പുലർച്ചെ അഞ്ചിന് നട തുറന്ന് പതിവ് പൂജകൾ നടക്കും. ഏപ്രിൽ രണ്ടിന് രാവിലെ 9.45 നും 10.45 നും മദ്ധ്യേ തന്ത്രി കണ്ഠരര് രാജീവര് , കണ്ഠരര് ബ്രഹ്മദത്തൻ , മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് പൈങ്കുനി ഉത്രം ഉത്സവത്തിന് കൊടിയേറ്റും. ഏപ്രിൽ പത്തിനാണ് ശരംകുത്തിയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത് നടക്കുക.
രാത്രി 10 ന് പള്ളിവേട്ട കഴിഞ്ഞെത്തി പള്ളിക്കുറിപ്പിന് ശേഷം നടയടക്കും. ഏപ്രിൽ 11 നാണ് ആറാട്ട്. രാവിലെ 7.30ന് ഉഷപൂജയ്ക്കും ആറാട്ട് ബലിക്കും ശേഷം ഒൻപതിന് പമ്പയിലേക്ക് ആറാട്ട് പുറപ്പെടും. വൈകിട്ട് ആറാട്ട് ഘോഷയാത്ര സന്നിധാനത്തേക്ക് മടങ്ങും. ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് എത്തിയശേഷമാണ് കൊടിയിറക്ക് നടക്കുക. മേട വിഷു ഉത്സവവും പത്തിന് ആരംഭിക്കും. ഏപ്രിൽ 18ന് രാത്രി 10 മണിയോടെ പൂജകൾ പൂർത്തിയാക്കി നടയടക്കും.