NEWSROOM

"ആരോഗ്യവും കായികക്ഷമതയുമുള്ള ജനതയാണ് ഇന്ത്യക്ക് ആവശ്യം"; കൊച്ചിയിൽ സ്പൈസ് കോസ്റ്റ് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു സച്ചിൻ

മാരത്തണിൽ സ്ത്രീകളുടെയും അമ്മമാരുടെയും പങ്കാളിത്തം അഭിനന്ദനാർഹമാണെന്നും സച്ചിൻ മാധ്യമങ്ങളോട് പ്രതികരിച്ചു

Author : ന്യൂസ് ഡെസ്ക്


ആരോഗ്യവും കായികക്ഷമതയുമുള്ള ജനതയാണ് ഇന്ത്യക്ക് ആവശ്യമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. എറണാകുളം മറൈൻഡ്രൈവിൽ കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ ക്രിക്കറ്റർ. മാരത്തണിൽ സ്ത്രീകളുടെയും അമ്മമാരുടെയും പങ്കാളിത്തം അഭിനന്ദനാർഹമാണെന്നും സച്ചിൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഏജസ് ഫെഡറൽ ലൈഫ് ഇൻഷൂറൻസ് സ്‌പൈസ്‌ കോസ്റ്റ്‌ മാരത്തണിന്‍റെ ഒമ്പതാം പതിപ്പാണിത്‌. വയനാടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തുന്ന മാരത്തണിൽ പതിനായിരത്തിലധികം ആളുകളാണ് പങ്കെടുത്തത്. ഫുൾ മാരത്തൺ, 42.2 കിലോമീറ്ററും, ഹാഫ് മാരത്തണ്‍ 21 കിലോമീറ്ററും, ഫൺ റൺ 5 കിലോമീറ്റർ എന്നീ വിഭാഗങ്ങളിലായാണ്‌ മാരത്തൺ നടന്നത്.

"നിങ്ങളെ വീണ്ടും കാണാനായതിൽ, ഈ എനർജി കാണുമ്പോൾ സന്തോഷം. ഓരോ വർഷം കഴിയുന്തോറും മാരത്തൺ കൂടുതൽ നന്നായി വരുന്നു. എല്ലാവർക്കും ആശംസകൾ," സച്ചിൻ പറഞ്ഞു. 

ഫുള്‍ മാരത്തൺ പുലർച്ചെ 3.30നും, ഹാഫ്‌ മാരത്തൺ 4.30നും, ഫൺ റൺ ആറ് മണിക്കുമാണ് തുടങ്ങിയത്. കൊച്ചി മറൈൻ ഡ്രൈവ്‌ ഗ്രൗണ്ടിൽ നിന്ന്‌ ആരംഭിച്ച മാരത്തൺ ക്വീൻസ്‌വേ, ഫോർഷോർ റോഡ്‌, തേവര, രവിപുരം, നേവൽ ബേസ്‌, വെണ്ടുരുത്തി, തോപ്പുംപടി, ഫോർട്ട്‌ കൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്‌ടൺ ഐലൻഡ്‌ വഴി കറങ്ങി തിരിച്ച് മറൈൻഡ്രൈവ്‌ ഗ്രൗണ്ടിൽ വന്നു അവസാനിച്ചു.

SCROLL FOR NEXT