NEWSROOM

'മതസൗഹാർദത്തിൻ്റെ നാടായ കേരളം സന്ദർശിക്കണം'; മാർപാപ്പയെ ക്ഷണിച്ച് സാദിഖലി തങ്ങൾ

ലോക സർവമത സമ്മേളനത്തിൽ പങ്കെടുക്കാനായി റോമിലെത്തിയതാണ് സാദിഖലി ശിഹാബ് തങ്ങള്‍

Author : ന്യൂസ് ഡെസ്ക്

ഫ്രാന്‍സിസ് മാർപാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ച് മുസ്ലീം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് മതസൗഹാർദത്തിന്‍റെ നാടായ കേരളം സന്ദർശിക്കണം എന്ന ആവശ്യം തങ്ങള്‍ ഉന്നയിച്ചതെന്ന് പ്രതിനിധി സംഘാംഗമായ ഹാരീസ് ബീരാൻ എംപി അറിയിച്ചു. ലോക സർവമത സമ്മേളനത്തിൽ പങ്കെടുക്കാനായി റോമിലെത്തിയതാണ് സാദിഖലി ശിഹാബ് തങ്ങള്‍.

പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അനര്‍ഘമായ നിമിഷങ്ങള്‍ ആയിരുന്നു മാർപാപ്പയുമായി പങ്കിട്ട സമയം എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സാദിഖലി തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘ഇസ്‍ലാമിക കലയും വാസ്തുവിദ്യയും: ചരിത്രപരമായ ഒരു ആമുഖം’ എന്ന പുസ്തകവും തങ്ങള്‍ മാർപാപ്പയ്ക്ക് സമർപ്പിച്ചു.

Also Read: 'എല്ലാവരും ഒരൊറ്റ മനുഷ്യകുടുംബത്തിലെ അംഗങ്ങള്‍, വിവേചനം അരുത് '; ശ്രീനാരായണ ഗുരുവിന്‍റെ സന്ദേശങ്ങള്‍ ഉയർത്തിക്കാട്ടി മാർപാപ്പ

ശ്രീനാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്‍റെ ശതാബ്ദിയുടെ ഭാഗമായി ശിവഗിരി മഠമാണ് വത്തിക്കാനില്‍ സർവമത സമ്മേളനം സംഘടിപ്പിച്ചത്. മതങ്ങളുടെ ഏകതയും സൗഹാർദവും സമത്വവും പ്രചരിപ്പിക്കുകയാണ് സമ്മേളനത്തിന്‍റെ ലക്ഷ്യം. ശ്രീനാരായണ ഗുരുവിന്‍റെ ആശയങ്ങളെ മുന്‍ നിർത്തി മാർപാപ്പ സമ്മേളനത്തെ ആശീർവദിച്ചിരുന്നു.  മത- വംശ- സാംസ്കാരിക വ്യത്യാസങ്ങൾക്കപ്പുറം എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന വ്യക്തമായ സന്ദേശമാണ് ശ്രീനാരായണഗുരു ലോകത്തിന് നൽകിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വത്തിക്കാന്‍ സ്‌ക്വയറിലെ അഗസ്റ്റിരിയന്‍ ഹാളില്‍ ദൈവദശകം ഇറ്റാലിയന്‍ ഭാഷയില്‍ ആലപിച്ച് ആരംഭിച്ച സെമിനാര്‍ സ്വാമി ഋതംഭരാനന്ദയുടെ സര്‍വമത പ്രാര്‍ഥനയോടെയാണ് സമാപിച്ചത്. എംഎല്‍എമാരായ സജീവ് ജോസഫ്, സനീഷ് കുമാര്‍ ജോസഫ്, പി.വി ശ്രീനിജന്‍, മാര്‍ത്തോമാ സഭ അല്‍മായ ട്രസ്റ്റി അഡ്വ. ആന്‍സില്‍ കോമാട്ട് തുടങ്ങി ഇരുനൂറോളം പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു. 

SCROLL FOR NEXT