NEWSROOM

മലപ്പുറത്തിൻ്റെ സൽപ്പേര് കളങ്കപ്പെടുത്താൻ പൊലീസും സർക്കാരും ബോധപൂർവമായ ശ്രമം നടത്തി: സാദിഖലി ശിഹാബ് തങ്ങൾ

ഒരു മതേതര സർക്കാരിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത നീക്കങ്ങളാണ് നടന്നതെന്നും ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു

Author : ന്യൂസ് ഡെസ്ക്


മലപ്പുറം കുറ്റവാളികളുടെ കേന്ദ്രമാണ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടന്നുവെന്ന് മുസ്ലിം ലീഗ് പ്രസിഡൻ്റ് സാദിഖലി ശിഹാബ് തങ്ങൾ. ഒരു മതേതര സർക്കാരിൽ നിന്നും ഇത് ഉണ്ടാകാൻ പാടില്ലാത്തതാണ്. എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സർക്കാർ സംശയം ദൂരീകരിക്കണമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

മലപ്പുറത്തിൻ്റെ സൽപ്പേര് കളങ്കപ്പെടുത്താൻ പൊലീസും സർക്കാരും ബോധപൂർവമായ ശ്രമം നടത്തിയെന്നായിരുന്നു ശിഹാബലി തങ്ങളുടെ ആരോപണം. അക്കാര്യത്തിൽ സർക്കാർ വീഴ്ച സമ്മതിച്ചു. അതാണ് മലപ്പുറം പൊലീസ് സേനയിലെ കൂട്ട സ്ഥലമാറ്റം തെളിയിക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് മലപ്പുറത്തിൻ്റെ ക്രൈം റേറ്റ് ഉയർത്തി. മലപ്പുറം കുറ്റവാളികളുടെ കേന്ദ്രമാണ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടന്നു. ഒരു മതേതര സർക്കാരിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത നീക്കങ്ങളാണ് നടന്നതെന്നും ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.

അതേസമയം, മലപ്പുറം പൊലീസ് സേനയിലെ കൂട്ടമാറ്റത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു. ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പൊലീസ് ഉന്നതനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍, എസ്‌പി ഉള്‍പ്പെടെ മലപ്പുറം ജില്ലയിലെ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി അപഹാസ്യമാണെന്ന് വി.ഡി. സതീശൻ ആരോപിച്ചു. ഭരണകക്ഷി എംഎല്‍എയുടെ വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള ചട്ടുകമായി മുഖ്യമന്ത്രിയും സര്‍ക്കാരും അധഃപതിച്ചെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.



SCROLL FOR NEXT