NEWSROOM

മധ്യപ്രദേശ് കോളേജുകളിൽ കാവിവൽക്കരണം; പാഠ്യപദ്ധതിയിൽ ആർഎസ്എസ് പ്രവർത്തകരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തണമെന്ന് സർക്കാർ

ഉന്നത വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഡോക്ടർ ധീരേന്ദ്ര ശുക്ല സംസ്ഥാനത്തെ എല്ലാ സർക്കാർ, സ്വകാര്യ കോളേജുകളിലെയും പ്രിൻസിപ്പൽമാർക്ക് അയച്ച കത്തിലാണ് നിർദേശം

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്തൊട്ടാകെയുള്ള കോളേജുകളിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് നേതാക്കൾ എഴുതിയ പുസ്തകങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന വിവാദ നിർദേശവുമായി മധ്യപ്രദേശ് സർക്കാർ. സംസ്ഥാനത്തെ എല്ലാ സർക്കാർ, സ്വകാര്യ കോളേജുകളിലെയും പ്രിൻസിപ്പാളുകൾക്കുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഡോക്ടർ ധീരേന്ദ്ര ശുക്ല അയച്ച കത്തിലാണ് നിർദേശം. ആർഎസ്എസ് നേതാക്കൾ രചിച്ച 88 പുസ്തകങ്ങൾ നിർബന്ധമായും വാങ്ങണമെന്നാണ് ഉത്തരവ്. ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച നിർദേശം വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

ആർഎസ്എസിൻ്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുമായി ബന്ധമുള്ള സുരേഷ് സോണി, ദിനനാഥ് ബത്ര, ഡി അതുൽ കോത്താരി, ദേവേന്ദ്ര റാവു ദേശ്മുഖ്, സന്ദീപ് വാസ്‌ലേക്കർ തുടങ്ങിയ പ്രമുഖ ആർഎസ്എസ് നേതാക്കൾ എഴുതിയ കൃതികൾ നിർബന്ധമായും പാഠ്യപദ്ധതിയിലുൾപ്പെടുത്തണമെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെ നിർദേശം. ഈ പുസ്തകങ്ങൾ കാലതാമസം കൂടാതെ വാങ്ങണമെന്നും കോളേജ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ വിജ്ഞാന പാരമ്പര്യങ്ങളെ അക്കാദമിക് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശപ്രകാരമാണ് നീക്കമെന്നാണ് സർക്കാർ വാദം. വിവിധ ബിരുദ കോഴ്‌സുകളിൽ ഈ പുസ്‌തകങ്ങൾ അവതരിപ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനായി ഓരോ കോളേജിലും 'ഭാരതീയ ജ്ഞാന പരമ്പര പ്രകാശ്' രൂപീകരിക്കണമെന്നും കത്തിൽ ശുപാർശ ചെയ്യുന്നു. പ്രിൻസിപ്പൽമാരോട് വാങ്ങാൻ നിർദേശിച്ച പുസ്തകങ്ങളുടെ കൂട്ടത്തിൽ, വിദ്യാഭാരതിയുടെ മുൻ ജനറൽ സെക്രട്ടറിയും ആർഎസ്എസിൻ്റെ വിദ്യാഭ്യാസ സംരംഭങ്ങളിലെ പ്രധാന സാന്നിധ്യവുമായ ദിനനാഥ് ബത്രയുടെ മാത്രം 14 പുസ്തകങ്ങൾ ഉൾപ്പെടുന്നുണ്ട്.

വിഭജന പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വാദം. ഇത്തരം എഴുത്തുകാരുടെ പുസ്തകങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാജ്യസ്നേഹത്തിനും ത്യാഗത്തിനും പ്രചോദനമാകുമോ എന്ന് കോൺഗ്രസ് നേതാവ് കെ.കെ മിശ്ര ചോദിച്ചു. ഈ കൃതികൾ ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിൽ വേരൂന്നിയതാണെന്നും കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഉത്തരവ് റദ്ദാക്കുമെന്നും മിശ്ര പറഞ്ഞു.



അതേസമയം, ഈ പുസ്തകങ്ങൾ വിദ്യാർഥികളുടെ അറിവിലും വ്യക്തിത്വത്തിലും വളരെ മികച്ച സ്വാധീനം ചെലുത്തുമെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് വി.ഡി ശർമ്മയുടെ ന്യായീകരണം. "വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്നതിൽ എന്താണ് തെറ്റ്? കുറഞ്ഞപക്ഷം ഇടതുപക്ഷ ചിന്താഗതിക്കാർ ഒരിക്കൽ നമ്മുടെ പാഠ്യപദ്ധതികളിൽ അടിച്ചേൽപ്പിച്ച ദേശവിരുദ്ധ ആശയങ്ങളല്ല ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്." വി.ഡി ശർമ പറഞ്ഞു.



കഴിഞ്ഞ ജൂണിൽ ശ്രീരാമൻ്റെയും ശ്രീകൃഷ്ണൻ്റെയും കഥകൾ സംസ്ഥാനത്തിൻ്റെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നുള്ള മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ പ്രസ്താവനയുടെ ചുവടുപിടിച്ചാണ് പുതിയ നിർദേശം. മുൻ ബിജെപി ഭരണത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ഠിച്ച യാദവ്, ഇന്ത്യൻ സാംസ്കാരികവും മതപരവുമായ പാരമ്പര്യങ്ങളെ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് കൊണ്ടുവരണമെന്ന് നിരന്തരം വാദിക്കുന്ന വ്യക്തികൂടിയാണ്.

SCROLL FOR NEXT