പാതിവില തട്ടിപ്പു കേസിലെ പ്രതി സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിനെ റിമാന്റ് ചെയ്തു. മൂവാറ്റുപുഴ സബ്ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്. തിരുവനന്തപുരം എസിജെഎം കോടതിയാണ് ആനന്ദകുമാറിനെ റിമാൻഡ് ചെയ്തത്. മാർച്ച് 26 വരെയാണ് റിമാൻഡ് കാലാവധി. 26ന് അകം മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവുണ്ട്. ചികിത്സ സംബന്ധിച്ച കാര്യം മൂവാറ്റുപുഴ ജയില്‍ സൂപ്രണ്ടിന് തീരുമാനിക്കാമെന്നും കോടതി അറിയിച്ചു.
കഴിഞ്ഞദിവസമാണ് പ്രതിയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം കോടതി തള്ളിയത്. പിന്നാലെ പ്രതിയെ കോടതി കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആനന്ദ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യുന്നതിൽ തടസമില്ലെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നായിരുന്നു നടപടി. എറണാകുളം ജില്ലയിലെ കേസിലാണ് അറസ്റ്റ്.
ശാസ്തമംഗലത്തെ വീട്ടിൽ നിന്നാണ് ആനന്ദകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആനന്ദ കുമാറിനെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചതായാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ആനന്ദകുമാർ ദേശീയ ചെയർമാൻ ആയ എൻജിഒ കോൺഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങൾ വഴിയാണ് തട്ടിപ്പു നടന്നിരിക്കുന്നതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.