NEWSROOM

തെലുങ്കില്‍ നല്ല റോളുകള്‍ കിട്ടുന്നു, എന്നാല്‍ തമിഴില്‍ ഇപ്പോഴും റൗഡി ബേബി : സായ് പല്ലവി

അമരനിലൂടെ തനിക്ക് തമിഴില്‍ മികച്ച കഥാപാത്രം തന്നതിന് സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിയോട് താരം നന്ദിയും അറിയിച്ചു

Author : ന്യൂസ് ഡെസ്ക്


തെലുങ്കില്‍ തനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ തമഴില്‍ അങ്ങനെയല്ലെന്നും സായ് പല്ലവി. അമരന്‍ എന്ന ചിത്രത്തിന്റെ സക്‌സസ് മീറ്റില്‍ സംസാരിക്കവെയാണ് സായ് പല്ലവി ഇക്കാര്യം പറഞ്ഞത്. അമരനിലൂടെ തനിക്ക് തമിഴില്‍ മികച്ച കഥാപാത്രം തന്നതിന് സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിയോട് താരം നന്ദിയും അറിയിച്ചു.

'തെലുങ്കില്‍ ആണ് എനിക്ക് നല്ല കഥാപാത്രങ്ങള്‍ വരുന്നത്. അവിടെ എന്നെ എല്ലാവരും ഒരു നല്ല നടിയായിട്ടാണ് കാണുന്നത്. എന്നാല്‍ തമിഴില്‍ എന്നെ എല്ലാവരും റൗഡി ബേബി ആയിട്ടാണ് കാണുന്നത്. ഒരു ആക്ടര്‍ ആയി എന്തുകൊണ്ട് എന്നെ കാണുന്നില്ല, എന്തുകൊണ്ട് നല്ല കഥാപാത്രങ്ങള്‍ എനിക്ക് വരുന്നില്ല എന്ന് മനസിലാകുന്നില്ലായിരുന്നു. അമരനിലൂടെ തമിഴ് പ്രേക്ഷകര്‍ക്ക് എന്നെ ഒരു നല്ല ആക്ടര്‍ ആയി അവതരിപ്പിച്ചതിന് ഒരുപാട് നന്ദിയുണ്ട്', സായ് പല്ലവി പറഞ്ഞു.

ശിവകാര്‍ത്തികേയന്‍ നായകനായി എത്തിയ അമരനില്‍ സായ് പല്ലവിയായിരുന്നു നായിക. ചിത്രത്തിലെ ഇന്ദു റബേക്ക വര്‍ഗീസ് എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

അതേസമയം സായ് പല്ലവിയുടെ ഈ പരാമര്‍ശത്തില്‍ ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഗാര്‍ഗി എന്ന തമിഴ് സിനിമയെ കുറിച്ച് താരം പരാമര്‍ശിച്ചില്ലെന്ന പരാതിയാണ് പ്രധാനമായും ഉള്ളത്. താരത്തിന്റെ ഏറ്റവും മികച്ച ചിത്രം തമിഴില്‍ നിന്നായിട്ടും ആ ചിത്രത്തിന്റെ പേര് പറയാതിരുന്നത് മോശമായി പോയെന്നാണ് ആരാധകരുടെ കമന്റ്. ഗാര്‍ഗിയിലെ പ്രകടനത്തിന് സായ് പല്ലവിക്ക് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു.

തണ്ടേലാണ് അവസാനമായി റിലീസ് ചെയ്ത സായ് പല്ലവി ചിത്രം. ചന്ദു മൊണ്ടേറ്റി സംവിധാനം ചെയ്ത ചിത്രം ഒരു റൊമാന്റിക് ആക്ഷന്‍ ത്രില്ലറാണ്. നാഗ ചൈതന്യയാണ് ചിത്രത്തിലെ നായകന്‍. ഫെബ്രുവരി 7നാണ് ചിത്രം തിയേറ്ററിലത്തിയത്.

SCROLL FOR NEXT