NEWSROOM

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പിടിയിലായത് യഥാർഥ പ്രതി തന്നെ, കൃത്യമായ തെളിവുണ്ടെന്ന് മുംബൈ പൊലീസ്

ആക്രമണത്തിൽ പ്രതിക്ക് പങ്കുണ്ടെന്നത് തെളിയിക്കുന്നതിന് മതിയായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ യഥാർഥ പ്രതിയാണ് പിടിയിലായതെന്ന് മുംബൈ പൊലീസ് സ്ഥിരീകരിച്ചു. കേസിൽ പ്രതി ഷെരിഫുൾ ഇസ്ലാമിനെതിരെ കൃത്യമായ തെളിവുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തിൽ പ്രതിക്ക് പങ്കുണ്ടെന്നത് തെളിയിക്കുന്നതിന് മതിയായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ആക്രമണം നടന്നതു മുതലുള്ള വിശദാംശങ്ങൾ പൊലീസ് വിശദമായി പരിശോധിച്ച് വരികയായിരുന്നു. രേഖകൾ, ദൃശ്യങ്ങൾ, സാക്ഷി മൊഴികൾ എന്നിവയുൾപ്പെടെ വിവിധ വിവര സ്രോതസുകളാണ് കേസിന് വേണ്ടി ശേഖരിച്ചത്. ഷരീഫുൾ ഇസ്ലാം ഷെഹ്സാദ് ബംഗ്ലാദേശി പൗരനെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. താനെ ഹിരാനന്ദാനി എസ്റ്റേറ്റിലെ ലേബർ ക്യാമ്പിൽ വെച്ചാണ് ഡിസിപി നവ്‌നാഥ് ധവാലെയുടെ സംഘവും കാസർവാഡാവലി പൊലീസും സംയുക്തമായി പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേസമയം, വിരലടയാളങ്ങളിലെ പൊരുത്തക്കേട് പൊലീസിനെ കുഴക്കുകയാണെന്ന തരത്തിൽ വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സെയ്ഫിന്റെ വസതിയില്‍ നിന്ന് 19 സെറ്റ് വിരലടയാളങ്ങളാണ് ശേഖരിച്ചത്. ഇതു തന്നെയാണ് പൊലീസിനെ കുഴക്കുന്നതും. പത്തൊമ്പത് വിരലടയാളങ്ങളില്‍ ഒന്നു പോലും കേസില്‍ അറസ്റ്റിലായ ഷെരിഫുൾ ഇസ്ലാമിൻ്റേതുമായി യോജിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

കവര്‍ച്ചാ ശ്രമത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ സെയ്ഫിന് ആറ് തവണയാണ് കുത്തേറ്റത്. ജനുവരി 15 നായിരുന്നു ആക്രമണം നടന്നത്. ഗുരുതരമായ പരിക്കേറ്റ് മുംബൈ ലീലാവതി ആശുപത്രിയില്‍ എത്തിച്ച താരം ദിവസങ്ങള്‍ക്ക് മുമ്പാണ് ഡിസ്ചാര്‍ജ് ആയത്. നടന്റെ നട്ടെല്ലിനും കുത്തേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

SCROLL FOR NEXT