NEWSROOM

നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി പിടിയിൽ; അറസ്റ്റിലായത് ഹോട്ടൽ ജീവനക്കാരനായ മുഹമ്മദ് ഷെരിഫുൾ

വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വെളിപ്പെടുത്തലുകൾക്കായി മുംബൈ പൊലീസ് 9 മണിക്ക് വാർത്താ സമ്മേളനം ചേരും

Author : ന്യൂസ് ഡെസ്ക്

ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച ആൾ പിടിയിൽ. ഹോട്ടൽ ജീവനക്കാരനായ മുഹമ്മദ് ഷെരിഫുളാണ് അറസ്റ്റിലായത്. താനെയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ കുറ്റംസമ്മതിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വെളിപ്പെടുത്തലുകൾക്കായി മുംബൈ പൊലീസ് ഇന്ന് വാർത്താ സമ്മേളനം ചേരും. ഇന്നലെ പ്രതിയെന്ന് സംശയിച്ച രണ്ടുപേരെ പൊലീസ് തടഞ്ഞുവെച്ച് ചോദ്യം ചെയ്തിരുന്നു.

നേരത്തെ കസ്റ്റഡിയിലെടുത്ത പ്രതികൾക്ക് കേസുമായി ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. താനെ ഹിരാനന്ദാനി എസ്റ്റേറ്റിലെ ലേബർ ക്യാമ്പിൽ വെച്ച് ഡിസിപി സോൺ-6 നവ്‌നാഥ് ധവാലെയുടെ സംഘവും കാസർവാഡാവലി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ ഇയാൾ പൊലീസിനോട് വ്യാജ പേരാണ് ആദ്യം പറഞ്ഞത്. 

പ്രതി ബംഗ്ലാദേശ് സ്വദേശിയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.4 ,5 മാസത്തിന് മുമ്പ് മുംബൈയിലെത്തിയെന്നാണ് നിഗമനം. ഇന്ത്യക്കാരനെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഇയാളുടെ കയ്യിലില്ലെന്ന് മുംബൈ പൊലീസ് പറഞ്ഞു.

ഇയാൾ മുമ്പ് മുംബൈയിലെ ഒരു പബ്ബിൽ ജോലി ചെയ്തിരുന്നെന്ന് മുംബൈ ക്രൈംബ്രാഞ്ച് പറഞ്ഞു. പൊലീസ് റിമാൻഡിനായി മുഹമ്മദ് ഷെരിഫുളിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. 

നേരത്തെ പ്രതിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ മുംബൈ പൊലീസ് പുറത്തുവിട്ടിരുന്നു. സെയ്ഫിൻ്റെ അപ്പാർട്ട്മെൻ്റിലെ ആറാം നിലയിലുള്ള ലിഫ്റ്റിനടുത്ത ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഈ ദൃശ്യങ്ങൾ പ്രതിയെ പിടികൂടാൻ സഹായകമായി. അക്രമി മൊബൈൽ ഷോപ്പിൽ നിൽക്കുന്നതിൻ്റെ ​​ദൃശ്യങ്ങളും പുറത്തെത്തി.

അതേസമയം നടന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് സെയ്ഫ് അലി ഖാന്‍ ചികിത്സയില്‍ കഴിയുന്നത്. ആറ് തവണ കുത്തേറ്റ നടന്റെ രണ്ടു മുറിവുകള്‍ ആഴത്തിലുള്ളതായിരുന്നു. നട്ടെല്ലിനും സുഷുമ്‌നാ നാഡിക്കും സാരമായ പരിക്കേറ്റിരുന്നു.

കഴിഞ്ഞ​ദിവസം, പുലർച്ചെയാണ് സെയ്‌ഫ് അലി ഖാനെ കുത്തേറ്റത്. താരത്തിന്റെ നാലുവയസുകാരനായ മകന്‍ ജഹാംഗീറിന്റെ മുറിയിലേക്കാണ് അക്രമി ആദ്യം പ്രവേശിച്ചത്. കുട്ടിയെ പരിചരിക്കുന്ന നഴ്‌സിങ് സ്റ്റാഫ് ഏലിയാമ്മ ഫിലിപ്പ്സാണ് പ്രതിയെ ആദ്യം നേരില്‍ കണ്ടത്.

SCROLL FOR NEXT