NEWSROOM

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാരിന്‍റെ നിലപാട് ക്രിസ്റ്റൽ ക്ലിയർ, ഒഴിവാക്കിയ ഭാഗങ്ങള്‍ പുറത്തുവിടാന്‍ എതിർപ്പില്ല: സജി ചെറിയാന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നീക്കം ചെയ്ത ഭാഗങ്ങള്‍ ഇന്ന് പുറത്തുവിട്ടേക്കുമെന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗങ്ങള്‍ പുറത്തുവിടാന്‍ കോടതിയും കമ്മീഷനും പറഞ്ഞാൽ സർക്കാറിന് എതിർപ്പില്ലെന്ന് മന്ത്രി സജി ചെറിയാന്‍. വിവരാവകാശ കമ്മീഷൻ പറഞ്ഞ വിവരങ്ങളാണ് പുറത്ത് വിട്ടതെന്നും എല്ലാം സുതാര്യമാണെന്നും മന്ത്രി അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം കാര്യങ്ങൾ നടപ്പാക്കും. സിനിമ നയം തന്നെ കൊണ്ട് വരുമെന്നും സജി ചെറിയാന്‍ പറഞ്ഞു. ഫെബ്രുവരിയോടെ നിർദേശങ്ങൾ പ്രാവർത്തികമാക്കും. കോടതി എന്ത് പറഞ്ഞാലും അനുസരിക്കും. സർക്കാരിനും ഉദ്യോഗസ്ഥർക്കും ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. എല്ലാം നിയമപരമായി മാത്രം നടപ്പാക്കുന്നുവെന്നും ഹേമ കമ്മിറ്റിയിൽ സർക്കാരിന്‍റെ നിലപാട് ക്രിസ്റ്റൽ ക്ലിയർ ആണെന്നും സജി ചെറിയാന്‍ കൂട്ടിച്ചേർത്തു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നീക്കം ചെയ്ത ഭാഗങ്ങള്‍ ഇന്ന് പുറത്തുവിട്ടേക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച ഉത്തരവ് വിവരാവകാശ കമ്മീഷണർ പുറത്തിറക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുന്നോടിയായി വ്യക്തിപരമായ വിവരങ്ങള്‍ അടങ്ങിയ പേജുകള്‍ ഒഴിവാക്കണമെന്ന് വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് സര്‍ക്കാര്‍ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ നീക്കം ചെയ്തത്. എന്നാല്‍, ഇതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കി. നീക്കം ചെയ്ത പേജുകള്‍ പുറത്തുവിടേണ്ടത് ആത്യാവശ്യമാണെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ പ്രധാന വാദം. ഇക്കാര്യത്തിലാണ് ഇന്ന് വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പുറത്തിറങ്ങുന്നത്.

SCROLL FOR NEXT