NEWSROOM

സജി ചെറിയാന്‍ വകുപ്പ് ഒഴിയണം, സിനിമയെ പറ്റി ധാരണയുള്ളവർ മന്ത്രിസഭയിലുണ്ട്: ആഷിഖ് അബു

20 വര്‍ഷത്തോളമായി സിനിമ കാണാതിരുന്ന ഒരു മന്ത്രി, രഞ്ജിത്തിനെ ലോകോത്തര സംവിധായകനാണെന്ന് വിശേഷിപ്പിക്കുന്നത്. അത് മന്ത്രിയുടെ അജ്ഞതയാണ്

Author : ന്യൂസ് ഡെസ്ക്


മന്ത്രി സജി ചെറിയാന്‍ സാംസ്‌കാരിക വകുപ്പ് ഒഴിയണമെന്ന് സംവിധായകന്‍ ആഷിഖ് അബു. സിനിമയെ പറ്റി ധാരണയുള്ള മന്ത്രിമാര്‍ മന്ത്രിസഭയില്‍ വെറെയുണ്ടെന്നും ആഷിഖ് അബു ന്യൂസ് മലയാളത്തോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചിട്ടില്ലെന്ന സജി ചെറിയാന്റെ നിലപാട് താന്‍ വിശ്വസിക്കുന്നില്ലെന്നും ആഷിഖ് അബു പറഞ്ഞു.

ആഷിഖ് അബുവിന്റെ വാക്കുകള്‍ :

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചിട്ടില്ലെന്ന സജി ചെറിയാന്റെ നിലപാട് ഒരിക്കലും വിശ്വസിക്കുന്നില്ല. ഒരു ജനപ്രതിനിധിക്ക്, ഉത്തരവാദിത്വമുള്ള ഒരു മന്ത്രിക്ക് അല്ലെങ്കില്‍ പ്രഖ്യാപിത സ്ത്രീപക്ഷ നിലപാടുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഒരു മന്ത്രിക്ക് എങ്ങനെയാണ് ഇങ്ങനെ ഉത്തരവാദിത്വമില്ലാതെ പ്രതികരിക്കാന്‍ ആവുന്നത്. ഞങ്ങളൊക്കെ അതില്‍ നിരാശരാണ്. ആ നിരാശ ഞങ്ങള്‍ പരസ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഇടതുപക്ഷ മന്ത്രിയുടെ ഭാഗത്തുനിന്ന് ഇതുവരെ കേള്‍ക്കാത്ത രീതിയിലുള്ള കാര്യങ്ങളൊക്കെ സംഭവിച്ചതുകൊണ്ടാണ് അത് ശരിയല്ലെന്ന് ഞങ്ങളെ പോലുള്ള ആളുകള്‍ക്ക് പറയേണ്ടി വന്നത്.

എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഈ സാംസ്‌കാരിക മന്ത്രി സിനിമ കാണുകയെങ്കിലും വേണം. അദ്ദേഹം മുന്‍പെപ്പോഴോ പറഞ്ഞിട്ടുണ്ട്, 20 വര്‍ഷമായിട്ട് സിനിമ കാണാറില്ല എന്ന്. അപ്പോള്‍ എനിക്ക് ഓര്‍മ്മപ്പെടുത്താനുള്ള ഒറ്റ കാര്യം സിനിമ, നാടകം തുടങ്ങിയ എല്ലാ തരത്തിലുള്ള കലാപ്രവര്‍ത്തനങ്ങളോടും എന്നും ഐക്യപ്പെട്ട് നിന്നിട്ടുള്ള ഒരു പ്രസ്ഥാനമാണ് ഇടതുപക്ഷ പ്രസ്ഥാനം. എന്റെ അത്ഭുതം എന്താണെന്നാല്‍ ഇടതുപക്ഷ മന്ത്രിമാരില്‍ തന്നെ രാഷ്ട്രീയക്കാര് പൊതുവെ തന്നെ സ്ഥിരമായി സിനിമകള്‍ കാണുകയും അതിനെ പറ്റി വിശകലനം നടത്തുകയും ഇവരൊക്കെ പുകഴ്ത്തുന്ന ആളുകളുടെ, ലോകോത്തര സിനിമകള്‍ എന്ന് ബഹുമാനപ്പെട്ട മന്ത്രി തന്നെ വിശേഷിപ്പിച്ച ആളുകളുടെ ഒക്കെ സിനിമകളുടെ രാഷ്ട്രീയം തിരിച്ചറിയാന്‍ പറ്റുന്നില്ല എന്നുള്ളതാണ്. അപ്പോള്‍ സിനിമയെ പറ്റിയിട്ടുള്ള അജ്ഞതയുണ്ട്. തീര്‍ച്ചയായും സാംസ്‌കാരിക വകുപ്പ് അദ്ദേഹം കൈമാറേണ്ടതാണ്. ഏറ്റവും മിടുക്കരായിട്ടുള്ള യുവ മന്ത്രിമാരും സിനിമയെ പറ്റിയുമെല്ലാം കൃത്യമായ ധാരണയുള്ള മന്ത്രിമാര്‍ ഈ മന്ത്രിസഭയിലുണ്ട്. അവര്‍ക്കാര്‍ക്കെങ്കിലും ഈ വകുപ്പ് കൈമാറണം. കാരണം വളരെ സങ്കീര്‍ണമായൊരു അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ഈ സങ്കീര്‍ണതയെ മറികടക്കണമെങ്കില്‍ കുറേ കൂടി കപാസിറ്റിയുള്ള ഒരാള്‍ വകുപ്പ് ഏറ്റെടുത്താല്‍ മാത്രമെ നടക്കുകയുള്ളൂ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

ALSO READ : ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ ഫെഫ്ക കണ്ടത് വളരെ ലാഘവത്തോടെ: ആഷിഖ് അബു


20 വര്‍ഷത്തോളമായി സിനിമ കാണാതിരുന്ന ഒരു മന്ത്രി, രഞ്ജിത്തിനെ ലോകോത്തര സംവിധായകനാണെന്നാണ് വിശേഷിപ്പിക്കുന്നത്. അത് മന്ത്രിയുടെ അജ്ഞതയാണ്. സിനിമ എന്ന് പറയുന്ന മേഖലയില്‍ എന്തെങ്കിലും ഒരു അഭിപ്രായം പറയാന്‍ ഇത് കാണണമല്ലോ. പുസ്തകം വായിക്കാതെ എങ്ങനെയാണ് നമ്മള്‍ അഭിപ്രായം പറയുക. രഞ്ജിത്ത് ചെയ്ത സിനിമകള്‍ ഏത് രൂപത്തിലാണ് മലയാളി സമൂഹം പിന്നീട് ചര്‍ച്ച ചെയ്തത്. ഇതെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലഘട്ടത്തിന് ശേഷം ഇവിടുത്തെ ഇടതുപക്ഷ മനസ് ഈ സിനിമകളെയൊക്കെ എങ്ങനെയാണ് വിലയിരുത്തിയത്, എന്നൊക്കെ പരിശോധിക്കാനുള്ള ഒരു സാവധാനമെങ്കിലും ശ്രീ സജി ചെറിയാന്‍ എടുക്കുകയും പിന്നീട് പ്രതികരിക്കുകയുമായിരുന്നു വേണ്ടിയിരുന്നത്. ഇപ്പോള്‍ എനിക്ക് തോന്നുന്നു അദ്ദേഹത്തിന് കാര്യങ്ങള്‍ ബോധ്യപ്പെട്ട് കാണണം.


SCROLL FOR NEXT