NEWSROOM

"വീട്ടിലെത്തി കൊലപ്പെടുത്തും, ബോംബിട്ട് കാ‍ർ തക‍ർക്കും"; സൽമാൻ ഖാന് വീണ്ടും വധഭീഷണി

വർളിയിലുള്ള മുംബൈ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റിൻ്റെ വാട്സാപ്പ് നമ്പറിലേക്കാണ് ബോളിവുഡ് സൂപ്പർ താരത്തെ വകവരുത്തുമെന്ന് ഭീഷണി സന്ദേശമെത്തിയത്

Author : ന്യൂസ് ഡെസ്ക്

നടൻ സൽമാൻ ഖാനെതിരെ പുതിയ വധഭീഷണിയുമായി അജ്ഞാതൻ. മഹാരാഷ്ട്രയിലെ വർളിയിലുള്ള മുംബൈ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റിൻ്റെ വാട്സാപ്പ് നമ്പറിലേക്കാണ് ബോളിവുഡ് സൂപ്പർ താരത്തെ വകവരുത്തുമെന്ന് പറഞ്ഞ് ഭീഷണി സന്ദേശമെത്തിയത്. സൽമാൻ ഖാൻ്റെ മുംബൈയിലുള്ള ആഡംബര വസതിയായ ഗ്യാലക്സി അപ്പാർട്ട്മെൻ്റിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തുമെന്നും, കാർ ബോംബ് വെച്ച് തകർക്കുമെന്നുമാണ് സന്ദേശം.

സംഭവത്തിൽ വർളി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഭീഷണിയുടെ ഉറവിടത്തിലും ആധികാരികതയിലും ഉദ്യോഗസ്ഥർ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടന് ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് നേരിട്ടും അല്ലാതെയും നിരവധി ഭീഷണികൾ ലഭിച്ചിട്ടുണ്ട്. 1998ൽ ബിഷ്‌ണോയ് സമുദായത്തിന് മതപരമായ പ്രാധാന്യമുള്ള കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ഉൾപ്പെട്ടെന്ന് ആരോപിച്ചാണ് സംഘം സൽമാൻ ഖാനെ ലക്ഷ്യമിടുന്നത്.

ഒരു വർഷം മുമ്പ്, ഏപ്രിൽ 14 ന്, ബാന്ദ്രയിലെ നടൻ്റെ അപ്പാർട്ട്മെൻ്റിന് നേരെ ബൈക്കിലെത്തിയ രണ്ട് പേർ വെടിയുതിർത്തിരുന്നു. അടുത്തിടെ സൽമാൻ ഖാൻ്റെ ബാന്ദ്ര ഫ്ലാറ്റിൻ്റെ ബാൽക്കണിക്ക് പുറത്ത് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് പാനൽ അടുത്തിടെ സ്ഥാപിച്ചിരുന്നു. വീടിന് പുറത്ത് വെടിവെപ്പുണ്ടായതിനെ തുടർന്ന് സൽമാൻ ഖാൻ്റെ സുരക്ഷ ശക്തമാക്കിയിരുന്നു. ബാബ സിദ്ദിഖിയെ ലോറൻസ് ബിഷ്‌ണോയി സംഘം വെടിവെച്ച് കൊന്നതിന് ശേഷവും അദ്ദേഹത്തിൻ്റെ വസതിക്ക് പുറത്ത് പൊലീസ് നിലയുറപ്പിച്ചിരുന്നു.

SCROLL FOR NEXT