NEWSROOM

സൽമാൻ ഖാന് വധഭീഷണി: അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് സന്ദേശം

പണം നൽകിയില്ലെങ്കിൽ ബാബ സിദ്ദിഖിയേക്കാൾ മോശം അനുഭവം നേരിടേണ്ടി വരുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പ് നൽകി

Author : ന്യൂസ് ഡെസ്ക്

ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വധഭീഷണി.  ലോറൻസ് ബിഷ്ണോയി സംഘമെന്ന് പറഞ്ഞ് മുംബൈ പൊലീസിന് ലഭിച്ച വാട്ട്സാപ്പ് സന്ദേശത്തിൽ അഞ്ച് കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ബാബ സിദ്ദിഖിയേക്കാൾ മോശം അനുഭവം നേരിടേണ്ടി വരുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പ് നൽകി.എൻസിപി അജിത് പവാർ വിഭാഗം നേതാവും മഹാരാഷ്ട്രാ മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടന് ഭീഷണി 

ഈ സന്ദേശം ലഘുവായി കാണരുത്, ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കണമെങ്കിൽ, അഞ്ച് കോടി നൽകണം. പണം നൽകിയില്ലെങ്കിൽ, ബാബ സിദ്ദിഖിയേക്കാൾ മോശമായിരിക്കും സൽമാൻ ഖാന് ഉണ്ടാകുന്ന അനുഭവമെന്നും സന്ദേശത്തിൽ പറയുന്നു. സന്ദേശത്തിൻ്റെ ഉറവിടത്തിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സൽമാൻ ഖാൻ്റെ വസതിക്ക് പുറത്ത് കനത്ത സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്.

സൽമാൻ ഖാനെ കൊലപ്പെടുത്താൻ നേരത്തെ 25 ലക്ഷം രൂപയുടെ കരാർ എടുത്തതായി പൊലീസ് കഴിഞ്ഞ ദിവസം സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ലോറൻസ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കരാർ എടുത്തതെന്നും നവി മുംബൈ പൊലീസ് പറഞ്ഞു. കേസിൽ അഞ്ചുപേരാണ് പ്രതികൾ. കരാർ എടുത്ത പ്രതികൾ പാക്കിസ്ഥാനിൽ നിന്ന് അത്യാധുനിക ആയുധങ്ങളായ എകെ 47, എകെ 92, എം 16 എന്നിവയും പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയെ കൊലപ്പെടുത്തിയ തുർക്കി നിർമിത സിഗാന ആയുധവും വാങ്ങാനൊരുങ്ങുകയായിരുന്നു എന്നാണ് സൂചനയെന്നും കുറ്റപത്രത്തിൽ പറയുന്നു. സൽമാൻ ഖാനെ കൊലപ്പെടുത്താൻ 18 വയസ്സിന് താഴെയുള്ള ആൺകുട്ടികളെ പ്രതികൾ വാടകക്കെടുത്തിരുന്നു.


SCROLL FOR NEXT