NEWSROOM

ചൈനയെ ശത്രുവായി കാണരുതെന്ന് സാം പിത്രോദയുടെ പ്രസ്താവന വിവാദത്തിൽ; പാർട്ടിയുടെ നിലപാടല്ലെന്ന് ജയറാം രമേശ്

2020 ജൂണ്‍ 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചൈനയ്ക്ക് പരസ്യമായി ക്ലീന്‍ ചിറ്റ് നല്‍കിയതെന്നും ജയ്‌റാം രമേശ് എക്സ് പോസ്റ്റിൽ ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

മുതിർന്ന കോൺഗ്രസ് നേതാവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനുമായ സാം പിത്രോദയെ തള്ളി കോൺഗ്രസ്. സാം പിത്രോദയുടെ ചൈന ശത്രുവല്ലെന്ന വിവാദ പ്രസ്താവന പാർട്ടിയുടെ നിലപാടല്ലെന്ന് കോൺഗ്രസ് പറഞ്ഞു. സാം പിത്രോദ പറഞ്ഞത് സ്വന്തം കാഴ്ചപ്പാട് മാത്രമാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സ് പോസ്റ്റിൽ കുറിച്ചു.

സാം പിത്രോദയുടെ ചൈനയെക്കുറിച്ചുള്ള പ്രസ്താവന ഇന്ത്യൽ നാഷണൽ കോൺഗ്രസിൻ്റെ നിലപാടല്ല. വിദേശനയം, സുരക്ഷ, സാമ്പത്തികം എന്നിവയില്‍ ചൈന വെല്ലുവിളിയായി തുടരുകയാണ്. 2020 ജൂണ്‍ 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചൈനയ്ക്ക് പരസ്യമായി ക്ലീന്‍ ചിറ്റ് നല്‍കിയതെന്നും ജയ്‌റാം രമേശ് എക്സ് പോസ്റ്റിൽ ആരോപിച്ചു.

സാം പിത്രോദയുടെ അഭിപ്രായത്തെ നേരത്തെ ബിജെപി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിക്ക് ചൈനയോടുള്ള ഭയഭക്തിയാണ് ഉള്ളത് എന്നതില്‍ അതിശയിക്കാനില്ലെന്നും, കോണ്‍ഗ്രസ് നേതാവായ സാം പിത്രോദയുടെ പ്രസ്താവന അതാണ് തെളിയിക്കുന്നത് എന്നും ബിജെപി വക്താവ് തുഹിന്‍ സിന്‍ഹ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും 2008ല്‍ തയാറാക്കിയ ധാരണാപത്രത്തിന്റെ ചുവടുപിടിച്ചാണ് പിത്രോദയുടെ പ്രസ്താവനയെന്നും തുഹിന്‍ സിന്‍ഹ പറഞ്ഞു.

അയൽരാജ്യമായ ചൈനയെ ശത്രുവായി കാണേണ്ടതില്ലെന്നായിരുന്നു സാം പിത്രോദയുടെ പ്രസ്താവന. 'ചൈനയില്‍നിന്നുള്ള ഭീഷണി എന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഈ പ്രശ്‌നം തെറ്റിധാരണയാണെന്ന് കരുതുന്നു. തുടക്കം മുതൽ ചൈനയുമായി ഏറ്റുമുട്ടല്‍ മനോഭാവമാണ് നമ്മുടേത്, ആ മനോഭാവമാണ് ശത്രുക്കളെ സൃഷ്ടിക്കുന്നത്. അത് രാജ്യത്ത് ഒരു പ്രത്യേക പിന്തുണ സൃഷ്ടിക്കുന്നുണ്ട്. ചൈന ശത്രുവാണെന്ന് അനുമാനിക്കുന്ന രീതി നമ്മള്‍ മാറ്റേണ്ടതുണ്ടെന്ന് കരുതുന്നു," സാം പിത്രോദ പറഞ്ഞു.

SCROLL FOR NEXT