NEWSROOM

സമസ്ത കേന്ദ്ര മുശാവറ യോഗം ഇന്ന് കോഴിക്കോട്; വിവാദങ്ങളും ഭിന്നതയും ചർച്ചയാകും

തിങ്കളാഴ്ച മലപ്പുറത്ത് ചേർന്ന സമവായ ചർച്ചയിൽ സമസ്തയിലെ ലീഗ് വിരുദ്ധ പക്ഷം പങ്കെടുക്കാത്തതും ചർച്ചയാകും

Author : ന്യൂസ് ഡെസ്ക്

സമസ്തയിൽ ഭിന്നത നിലനിൽക്കെ കേന്ദ്ര മുശാവറ യോഗം ഇന്ന് കോഴിക്കോട് ചേരും. രാവിലെ 10 മണിക്ക് ചേരുന്ന യോഗത്തിൽ സമസ്തയിൽ സമീപകാലത്ത് നടന്ന വിവാദങ്ങളെല്ലാം ചർച്ചാവിഷയമാകും. പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ വിവാദ പരാമർശത്തിൽ ഉമർ ഫൈസി മുക്കത്തിനെതിരെ നടപടി വേണമെന്ന ലീഗ് അനുകൂല ചേരിയുടെ ആവശ്യവും  സമസ്ത നേതൃത്വത്തിന് ഉമർ ഫൈസി നൽകിയ വിശദീകരണവും ഇന്ന് പരിശോധിക്കും. ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെയായി മുസ്ലീം ലീഗ് സംസ്ഥാനം ജനറൽ സെക്രട്ടറി പിഎംഎ സലാമിന്‍റെ അധിക്ഷേപ പരാമർശവും ലീഗ് വിരുദ്ധ പക്ഷം കേന്ദ്ര മുശാവറയിൽ ഉയർത്താനുള്ള സാധ്യതയുമുണ്ട്. തിങ്കളാഴ്ച മലപ്പുറത്ത് ചേർന്ന സമവായ ചർച്ചയിൽ സമസ്തയിലെ ലീഗ് വിരുദ്ധ പക്ഷം പങ്കെടുക്കാത്തതും ചർച്ചയാകും.



എടവണ്ണപ്പാറയില്‍ സമസ്ത മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്‍ഡ് മൗലീദ് കോണ്‍ഫറന്‍സിലായിരുന്നു , പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ ഉമര്‍ ഫൈസി വിമര്‍ശനമുയര്‍ത്തിയത്. മഹല്ലുകളുടെ നിയന്ത്രണമുള്ള ഖാസി സ്ഥാനം സാദിഖലി തങ്ങൾ ഏറ്റെടുത്തതിലായിരുന്നു ഉമർ ഫൈസി മുക്കത്തിന്‍റെ വിമർശനം. സാദിഖലി തങ്ങൾ ഖാസിയാകാൻ യോഗ്യനല്ലെന്നായിരുന്നു ഉമർ ഫൈസി മുക്കത്തിൻ്റെ പ്രസ്താവന.

അതേസമയം, പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടായിരുന്നു ജിഫ്രി മുത്തുകോയ തങ്ങള്‍ക്കെതിരെയുള്ള പി.എം.എ. സലാമിന്‍റെ പ്രസ്താവന. പാണക്കാട് സാദിഖലി തങ്ങൾ അനുഗ്രഹിച്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ജയിച്ചപ്പോൾ മറ്റൊരു നേതാവ് അനുഗ്രഹിച്ച ഡോ. പി. സരിൻ മൂന്നാമതായെന്നും മുസ്ലീം സമുദായം ആർക്കൊപ്പമാണെന്ന് ഇതിലൂടെ വ്യക്തമായെന്നുമായിരുന്നു സലാമിന്‍റെ പരാമർശം. പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ചതിന് പിന്നാലെ കുവൈത്തിൽ വെച്ചായിരുന്നു പി.എം.എ. സലാമിന്‍റെ വിവാദ പരാമർശം. എല്‍ഡിഎഫ് സ്ഥാനാർഥി പി. സരിന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

SCROLL FOR NEXT