NEWSROOM

ആരോപണ വിധേയരെ ചേര്‍ത്തുനിര്‍ത്താന്‍ മുഖ്യമന്ത്രിക്ക് വ്യഗ്രത; എഡിജിപി-അന്‍വര്‍ വിവാദത്തില്‍ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം

ഭരണപക്ഷ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ ഏറ്റെടുക്കുന്നതിൽ പ്രതിപക്ഷത്തിന് എന്താണിത്ര കൈയ്യറപ്പ് എന്നും സമസ്ത ചോദ്യമുന്നയിക്കുന്നു.

Author : ന്യൂസ് ഡെസ്ക്

എഡിജിപി എം.ആര്‍ അജിത് കുമാര്‍-പി.വി അൻവർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ നട്ടംതിരിയുമ്പോഴും ആരോപണ വിധേയരെ ചേർത്തുനിർത്താനാണ് മുഖ്യമന്ത്രിക്ക്‌ വ്യഗ്രത എന്ന് സുപ്രഭാതം എഡിറ്റോറിയലിൽ ആരോപിക്കുന്നു. ഭരണപക്ഷ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ ഏറ്റെടുക്കുന്നതിൽ പ്രതിപക്ഷത്തിന് എന്താണിത്ര കൈയ്യറപ്പ് എന്നും സമസ്ത ചോദ്യമുന്നയിക്കുന്നു.

അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം നടത്താതെ ഇഷ്ടക്കാരനായ എഡിജിപിയെ സംരക്ഷിക്കാനുള്ള ശ്രമം സർക്കാരിനെയും മുന്നണിയെയും പ്രതിക്കൂട്ടിൽ നിർത്തുകയാണെന്ന് സുപ്രഭാതം എഡിറ്റോറിയലിൽ ആരോപിക്കുന്നു. ആരെയാണ് മുഖ്യമന്ത്രി തോൽപ്പിക്കുന്നത് എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന എഡിറ്റോറിയലിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. ആദ്യ ഘട്ടത്തിൽ അൻവറിനൊപ്പം എന്ന് തോന്നിച്ചെങ്കിലും പിന്നീട് ഇരക്കൊപ്പമല്ല ഇരപിടിയന്മാർക്കൊപ്പമാണ് തങ്ങളെന്ന് മുഖ്യമന്ത്രി മറയില്ലാതെ പറഞ്ഞു.ഘടകകക്ഷികളെ പോലും നിശബ്ദരാക്കി എഡിജിപിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി തിടുക്കം കാണിക്കുകയാണ്. പോലീസ് സേനയുടെ വീഴ്ചകളെ ചൂണ്ടിക്കാണിക്കുമ്പോൾ സേനയുടെ മനോവീര്യം തകർക്കാനുള്ള നീക്കമെന്ന് മുഖ്യമന്ത്രി പറയുന്നു.

ആരോപണ വിധേയനായ എഡിജിപിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി പ്രയോഗിക്കുന്നതും അതേ വാക്കുകളെന്നും എഡിറ്റോറിയലിൽ ആരോപിക്കുന്നു. എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ പല തവണ കണ്ടതിൽ മുഖ്യമന്ത്രിക്ക് അസ്വാഭാവികത തോന്നാത്തതിന്‍റെ പൊരുൾ വ്യക്തമാക്കണം.  ബിജെപിക്ക്‌ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാൻ മുഖ്യമന്ത്രി ഒത്താശ ചെയ്‌തെന്നും എഡിജിപി ഇതിന് ദല്ലാളായി വർത്തിച്ചു എന്ന ആരോപണങ്ങൾക്കും മറുപടി ലഭിക്കേണ്ടതുണ്ട്. പൊലീസ് സേനയിൽ ആര്‍എസ്എസിന്‍റെ സ്ലീപ്പിംഗ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട് എന്നും സമസ്ത ഉന്നയിച്ചു.

മുൻ ഡിജിപി രമൺ ശ്രീവാസ്തവ, മലപ്പുറം മുൻ എസ് പി സുജിത് ദാസ് എന്നിവരെ ഉദാഹരണമാക്കിയാണ് ആരോപണം. മലപ്പുറത്ത് ക്രൈം റേറ്റ് അളവിലധികമായി വർധിച്ചത് ഇതിന്റെ ഭാഗമായാണെന്നും സമസ്ത ആരോപിക്കുന്നു. സുജിത് ദാസ് മലപ്പുറം എസ്പി യായി ചുമതലയേറ്റതിന് ശേഷമാണ് ക്രൈം റേറ്റ് വർധിച്ചത്. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുന്ന ജില്ലയായി മലപ്പുറം മാറി. സംസ്ഥാനത്തെ ഒരു ജില്ലയിൽ മാത്രമായി ക്രിമിനൽ കേസുകൾ ഇത്രത്തോളം വർധിച്ചതിന്റെ കാരണം ഇനിയെങ്കിലും മുഖ്യമന്ത്രി അന്വേഷിക്കണമെന്നും സുപ്രഭാതം എഡിറ്റോറിയലിലൂടെ ആവശ്യപ്പെടുന്നു.

കാക്കിയഴിച്ചയുടനെ കാവിയണിയാൻ ഓടുന്നവരുടെ ഇടത്താവളമായി പൊലീസ് സേന മാറുന്നത് ആഭ്യന്തര വകുപ്പിന് ഭൂഷണമല്ല എന്നും സമസ്ത പറഞ്ഞുവെക്കുന്നു.അൻവർ ഉന്നയിച്ച ആരോപണങ്ങൾ ആദ്യ ഘട്ടത്തിൽ പ്രതിപക്ഷം ഏറ്റുപിടിച്ചെങ്കിലും പിന്നീട് പ്രതിപക്ഷത്തിന്റെ ആവേശം കുറഞ്ഞതായും സമസ്ത ആരോപിക്കുന്നു.

SCROLL FOR NEXT