സംവിധായകർ പ്രതിയായ ലഹരി കേസിൽ ചോദ്യം ചെയ്യലിന് പിന്നാലെ സംവിധായകൻ സമീർ താഹിർ അറസ്റ്റിൽ. ലഹരി ഉപയോഗിക്കുന്നതിന് സ്ഥലം ഒരുക്കി നൽകിയതിനാണ് സമീറിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. സമീർ താഹിറിനെ ഉടൻ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും. അതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കും. സമീറിന്റെ ഫ്ലാറ്റിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവർ പിടിയിലായത്. സമീറിന് സംവിധായകരുടെ ലഹരി ഇടപാടിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കാനാണ് എക്സൈസ് ചോദ്യം ചെയ്തത്.
സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവർ ലഹരി ഉപയോഗിക്കുന്നതായി അറിയില്ലെന്ന് സമീർ താഹിർ എക്സൈസിന് മൊഴി നൽകിയതായി എക്സൈസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ലഹരി ഉപയോഗിക്കുന്നതിന് സ്ഥലം ഒരുക്കി നൽകിയതിനാണ് അറസ്റ്റ്. സമീർ അന്നേ ദിവസം രാവിലെ വന്ന് വൈകീട്ട് പുറത്ത് പോയിരുന്നു. മൂന്നാം പ്രതി അഷ്റഫ് ഏതാനും ദിവസങ്ങളായി അവിടെ താമസിക്കുന്നുണ്ടായിരുന്നു. പ്രൊഡക്ഷൻ കമ്പനിയുടെ പേരിലാണ് ഫ്ലാറ്റ് എടുത്തിരിക്കുന്നത്. അഞ്ചാം പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സമീറിന്റെ കൊച്ചി ഗോശ്രീ പാലത്തിന് സമീപമുള്ള ഫ്ലാറ്റിൽ നിന്നും ഏപ്രിൽ 27-ാം തീയതിയാണ് ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവർ അറസ്റ്റിലായത്. 1.50 ഗ്രാം കഞ്ചാവാണ് പരിശോധനയിൽ ഇവരിൽ നിന്നും പിടികൂടിയത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. പിടിയിലായവരെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
സമീറിന്റെ അറിവോടെയാണോ കഞ്ചാവ് ഉപയോഗം എന്നതടക്കം അറിയാനായി സംവിധായകനെ ചോദ്യം ചെയ്യുമെന്ന് എക്‌സൈസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. സമീര്‍ താഹിറിനെതിരെ തെളിവ് ലഭിച്ചാല്‍ പ്രതി ചേര്‍ക്കുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. സംവിധായകർക്ക് ഒപ്പം പിടിയിലായ ഷാലിഫ് മുഹമ്മദിന്റെ സുഹൃത്താണ് കഞ്ചാവ് വിൽപനക്കാരനെ പരിചയപ്പെടുത്തി നൽകിയതെന്നാണ് വിവരം. കേസിൽ ഷാലിഫ് മുഹമ്മദ് മൂന്നാം പ്രതിയാണ്. എക്സൈസ് എൻഫോഴ്സ്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണർ എം.എസ്. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.