NEWSROOM

നിപ ഭീതിയിൽ മലപ്പുറം: കൺടോൾ റൂം തുറന്നു; രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാമ്പിൾ ശേഖരിച്ചു

മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നാണ് സാമ്പിൾ ശേഖരണം നടത്തിയത്. കോഴിക്കോട് ലാബിൽ പരിശോധിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം

Author : ന്യൂസ് ഡെസ്ക്

മലപ്പുറത്ത് നിപ ഭീതി നിലനിൽക്കുന്ന രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാമ്പിൾ ശേഖരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നാണ് സാമ്പിൾ ശേഖരണം നടത്തിയത്. കോഴിക്കോട് ലാബിൽ പരിശോധിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.  അതേസമയം, നിപ ബാധയെ തുടർന്ന് മലപ്പുറത്ത് ആരോഗ്യവകുപ്പ് കൺട്രോൾ സെൽ ആരംഭിച്ചു. 0483 273 2010, 0483 273 2060 എന്നിങ്ങനെയാണ് കോൺടാക്റ്റ് നമ്പർ. മൊബൈൽ ടവർ ലൊക്കേഷൻ്റെ സഹായത്തോടെ കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ച 24 വയസുകാരൻ്റെ കോൺടാക്റ്റ് ലിസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ബംഗളൂരുവിൽ നിന്ന് എത്തിയശേഷം എവിടെയെല്ലാം പോയി എന്നുമുള്ള വിവരവും ശേഖരിക്കുന്നുണ്ട്.

മലപ്പുറം സ്വദേശിയായ 24കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങൾ ആരോഗ്യ വകുപ്പ്  പ്രഖ്യാപിച്ചിരുന്നു. നിപയെ പ്രതിരോധിക്കാനായി രോഗം സ്ഥിരീകരിച്ച തിരുവാലി ഗ്രാമ പഞ്ചായത്തിലും, മലപ്പുറം ജില്ലയില്‍ പൊതുവായും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവാലി ഗ്രാമ പഞ്ചായത്തിലെ 4,5,6,7 വാർഡുകളിലും, മമ്പാട് ഗ്രാമ പഞ്ചായത്തിലെ 7ാം വാർഡിലുമാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്.


കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി നിപ പ്രതിരോധത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഐസിഎംആർ സംഘത്തിന്‍റെ വൈദഗ്ധ്യം കൂടി ഉപയോഗപ്പെടുത്തി രോഗവ്യാപനം തടയുന്നതിലും, നിയന്ത്രണ നടപടികളിലും, ചികിത്സയിലും കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങള്‍ നടത്താനാകുമെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്.

SCROLL FOR NEXT