NEWSROOM

ജോലി ചെയ്യാൻ തയ്യാർ; സാംസങ് തൊഴിലാളികൾ പണിമുടക്ക് പിൻവലിച്ചു

1,800 തൊഴിലാളികളുള്ള കാഞ്ചീപുരത്തെ സാംസങ് പ്ലാന്‍റിലെ 1,000ത്തിലധികം തൊഴിലാളികളാണ് പണിമുടക്കിയത്

Author : ന്യൂസ് ഡെസ്ക്

തമിഴ്‌നാട്ടിൽ ഒരു മാസമായി തുടരുന്ന പണിമുടക്ക് പിൻവലിച്ച് സാംസങ് തൊഴിലാളികൾ. കൊറിയൻ ഇലക്ട്രോണിക്സിൻ്റെ ശ്രീപെരുമ്പത്തൂരിലെ ഫാക്ടറിയിലെ ജീവനക്കാർ നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചതായും, തൊഴിലാളികൾ ജോലി പുനരാരംഭിക്കാൻ തീരുമാനിച്ചതായും തമിഴ്‌നാട് സർക്കാർ അറിയിച്ചു.

വിവിധ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബർ 9 നായിരുന്നു സമരം ആരംഭിച്ചത്. തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുക, വേതന വർധനവ്, തൊഴിൽ സമയം 8 മണിക്കൂറാക്കൽ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. പത്ത് വർഷമായി ജോലി ചെയ്യുന്നവർക്ക് 25000 രൂപ മാത്രമാണ് വേതനമെന്നും ഇത് 36,000 രൂപയാക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു.


പണിമുടക്കുന്ന തൊഴിലാളികളെ പിരിച്ചുവിടുമെന്ന ഭീഷണിയുമായി സാംസങ് അറിയിച്ചിരുന്നു. പണിയെടുക്കാത്തവർക്ക് കൂലിയില്ലെന്നും നാല് ദിവസത്തിനകം ജോലിക്ക് തിരിച്ചെത്താത്ത ജീവനക്കാരെ പിരിച്ചുവിടുമെന്നും ഇമെയില്‍ വഴിയാണ് സാംസങ്ങിൻ്റെ ഭീഷണി സന്ദേശം. പണിയെടുക്കാത്തവർക്ക് കൂലിയില്ല എന്നാണ് കമ്പനി നയമെന്നും അറിയിപ്പിൽ പറയുന്നു. കമ്പനി ചട്ടങ്ങളെക്കുറിച്ച് തൊഴിലാളിക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഉദ്ദേശമെന്നാണ് ഇക്കാര്യത്തില്‍ സാസങ് ഇന്ത്യ നൽകിയ വിശദീകരണം.

1,800 തൊഴിലാളികളുള്ള കാഞ്ചീപുരത്തെ സാംസങ് പ്ലാന്‍റിലെ 1,000ത്തിലധികം തൊഴിലാളികളാണ് പണിമുടക്കിയത്. സാംസങ്ങിൻ്റെ ഇന്ത്യയിലെ വാർഷിക വരുമാനമായ 12 ബില്യൺ ഡോളറില്‍ മൂന്നിലൊന്നും ഈ പ്ലാന്‍റില്‍ നിന്നാണെന്നാണ് കണക്കാക്കപ്പെടുന്നത്.

SCROLL FOR NEXT