സന്ദീപ് ചന്ദ്രന്‍ 
NEWSROOM

റഷ്യയില്‍ യുദ്ധത്തില്‍ മരിച്ച സന്ദീപിന്‍റെ മൃതദേഹം വിട്ടുകിട്ടാന്‍ വൈകിയേക്കും; സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനുണ്ടെന്ന് ഇന്ത്യന്‍ എംബസി

ആഗസ്റ്റ് 15നാണ് സന്ദീപ് ചന്ദ്രൻ റഷ്യയില്‍ യുദ്ധത്തിനിടെ ഷെല്ലാക്രമണത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് മലയാളി സംഘടനകൾ മുഖേന വിവരം ലഭിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന് യുദ്ധത്തില്‍ മരിച്ച തൃശൂർ സ്വദേശി സന്ദീപ് ചന്ദ്രന്റെ മൃതദേഹം വിട്ടു കിട്ടുന്നത് ഇനിയും വൈകിയേക്കും. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് മുന്നോടിയായി ചില സാങ്കേതിക പ്രശ്നങ്ങള്‍ കൂടി പരിഹരിക്കാനുണ്ടെന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സന്ദീപിന്‍റെ കുടുംബാംഗങ്ങളെ അറിയിച്ചു. അതേസമയം, ഇന്ത്യ-റഷ്യ നയതന്ത്ര നീക്കങ്ങള്‍ വിഷയത്തില്‍ സജീവമായി നടക്കുന്നുണ്ട്. സന്ദീപിനൊപ്പം റഷ്യയിലെത്തിയ മറ്റുള്ളവരെ മോചിപ്പിക്കുന്നതില്‍ ന്യൂസ് മലയാളം റിപ്പോർട്ട് വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ആഗസ്റ്റ് 15നാണ് സന്ദീപ് ചന്ദ്രൻ റഷ്യയില്‍ യുദ്ധത്തിനിടെ ഷെല്ലാക്രമണത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് മലയാളി സംഘടനകൾ മുഖേന വിവരം ലഭിക്കുന്നത്. ഇതിന് പിന്നാലെ വിദേശകാര്യമന്ത്രാലയത്തിനും സംസ്ഥാന സർക്കാരിനും കുടുംബം പരാതി നൽകി. പരാതിയെ തുടർന്ന് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കഴിഞ്ഞ ദിവസം സന്ദീപിൻ്റെ വീട്ടിൽ നേരിട്ടെത്തിയിരുന്നു.

ഏപ്രിൽ ആദ്യ വാരം സന്ദീപിനൊപ്പം റഷ്യയിലെത്തിയ സന്തോഷ് ഷൺമുഖൻ , റെനിൽ തോമസ് , സിബി ബാബു , ബിനിൽ ബാബു ജെയ്ൻ കുര്യൻ തുടങ്ങിയവരും മോചനം കാത്ത് കഴിയുകയാണ്. സന്തോഷ്, റെനിൽ, സിബി തുടങ്ങിയവരെ യുദ്ധമേഖലയിൽ നിന്നും റഷ്യയിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഇതിനോടകം മാറ്റിയിട്ടുണ്ട്. എന്നാൽ ബിനിൽ ബാബുവിനും ജെയ്ൻ കുര്യനും ഇനിയും പട്ടാള ക്യാമ്പുകളിൽ നിന്നും വിടുതൽ ലഭിച്ചിട്ടില്ല. കൂലിപ്പട്ടാളത്തിൽ ചേർന്ന ഇവർ അടക്കമുള്ള 68 പേരെയും ഉടൻ തന്നെ മോചിപ്പിക്കുമെന്ന് എംബസി ഉദ്യോഗസ്ഥർ വിവരം നൽകുന്നുണ്ടെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കാലതാമസം ഉണ്ടാകുമെന്നാണ് ബന്ധുക്കൾക്ക് അറിയിപ്പ് നൽകിയിട്ടുള്ളത്.

SCROLL FOR NEXT