രണ്‍ബീര്‍ കപൂറിനെ കേന്ദ്ര കഥാപാത്രമാക്കി സന്ദീപ് വാങ്ക റെഡ്ഡി സംവിധാനം ചെയ്ത ചിത്രമാണ് അനിമല്‍. 2023ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചതെങ്കിലും ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് വലിയ രീതിയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സ്ത്രീ വിരുദ്ധത, വൈലന്‍സിന്റെ അതിപ്രസരം എന്നീ കാര്യങ്ങളായിരുന്നു ചിത്രത്തിനെതിരെ വിമര്‍ശനമായി ഉയര്‍ന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്‍ സിനിമയെ മോശമായി പറഞ്ഞവര്‍ രണ്‍ബീറിന്റെ പ്രകടനത്തെ പ്രശംസിച്ചിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ്. ഒരു സംവിധായകന്‍ എന്ന നിലയില്‍ അതിന്റെ വൈരുധ്യം മനസിലാകുന്നില്ലെന്നും സന്ദീപ് അഭിപ്രായപ്പെട്ടു. അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സന്ദീപ് ഇതേ കുറിച്ച് സംസാരിച്ചത്.
'സിനിമയുമായി ബന്ധപ്പെട്ട ആളുകളെല്ലാം അനിമലിനെ കുറിച്ച് വളരെ മോശമായാണ് പറഞ്ഞത്. എന്നാല്‍, ഇതേ ആളുകളെല്ലാം രണ്‍ബീര്‍ സിനിമയില്‍ തകര്‍ത്തുവെന്നാണ് പറഞ്ഞത്. എനിക്ക് രണ്‍ബീറിനോട് വ്യക്തിപരമായി അസൂയയൊന്നുമില്ല, പക്ഷേ എഴുത്തുകാരന്‍, സംവിധായകന്‍ എന്ന നിലയില്‍ ഈ വൈരുദ്ധ്യം എനിക്ക് മനസിലാകുന്നില്ല. ഇവര്‍ക്കെല്ലാം നാളെയും രണ്‍ബീറിനൊപ്പം അഭിനയിക്കുകയും ജോലി ചെയ്യുകയും വേണം', സന്ദീപ് വാങ്ക പറയുന്നു.
'രണ്‍ബീറിനെ വിമര്‍ശിച്ചാല്‍ പിന്നെ കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല എന്ന് എനിക്ക് മനസിലായി. ഞാന്‍ ഈ മേഖലയില്‍ പുതിയ ആളാണ്. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ഒരു സിനിമ മാത്രം ചെയ്യുന്ന ഒരാള്‍. എനിക്കെതിരെ ഇവര്‍ക്ക് എന്തും പറയാം. എന്നാല്‍, അടിക്കടി സിനിമ ചെയ്യുന്ന ഒരാള്‍ക്കെതിരെ അവരാരും ഒരിക്കലും വിമര്‍ശനം ഉന്നയിക്കില്ല. അത് ശരിയാണ്. പുതുതായി സ്‌കൂള്‍ മാറിവരുന്ന ഒരു കുട്ടിയോട് കിന്റര്‍ ഗാര്‍ഡന്‍ മുതല്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ കാണിക്കുന്ന സീനിയോരിറ്റി പോലെയാണ് എനിക്കിത് തോന്നുന്നത്', സന്ദീപ് കൂട്ടിച്ചേര്‍ത്തു.
മൂന്ന് ഭാഗങ്ങളായി അനിമല്‍ നിര്‍മിക്കാനായിരുന്നു തന്റെ പ്ലാനെന്നും സന്ദീപ് അറിയിച്ചു. 'രണ്ടാം ഭാഗത്തിന്റെ പേര് അനിമല്‍ പാര്‍ക്ക് എന്നാണ്. ഞാന്‍ വളരെ ആവേശത്തിലാണിപ്പോള്‍. കാരണം എനിക്കിപ്പോള്‍ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിയും, നായകനെയും വില്ലനെയും' സന്ദീപ് വ്യക്തമാക്കി.
നൂറ് കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ 900 കോടിക്ക് മുകളില്‍ നേടിയിരുന്നു. രണ്‍ബീറിന്റെ കരിയറിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു അനിമല്‍. രശ്മിക മന്ദാനയായിരുന്നു നായിക. അനില്‍ കപൂര്‍, ശക്തി കപൂര്‍, തൃപ്തി ദിമ്രി, ബോബി ഡിയോള്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായിരുന്നു.