ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച സാഹചര്യത്തിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ ഔദ്യോഗിക വസതി ഉടൻ ഒഴിയും. വടക്കൻ ഡൽഹിയിലെ സിവിൽ ലൈനിലുള്ള ഔദ്യോഗിക ബംഗ്ലാവ് ഉൾപ്പെടെ എല്ലാ സർക്കാർ സൗകര്യങ്ങളും അരവിന്ദ് കെജ്‌രിവാൾ ഒരാഴ്ചയ്ക്കകം ഒഴിയുമെന്ന് എഎപി എംപി സഞ്ജയ് സിങ് അറിയിച്ചു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി വസതി ഒഴിയരുതെന്ന് പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും കെജ്‌രിവാൾ അതിനു തയ്യാറായില്ലെന്നാണ് റിപ്പോർട്ട്.
സുരക്ഷാ ആശങ്കയില്ലെന്നും സാധാരണക്കാർക്കിടയിൽ ജീവിക്കുമെന്നുമാണ് കെജ്‌രിവാളിന്റെ നിലപാട്. ഔദ്യോഗിക വസതി വിട്ട ശേഷം കെജ്‌രിവാളും കുടുംബവും ഡൽഹിയിൽ തങ്ങുമെന്നും സഞ്ജയ് സിങ് വ്യക്തമാക്കി. ഇവർക്ക് അനുയോജ്യമായ താമസ സൗകര്യങ്ങൾക്കായുള്ള അന്വേഷണം നടന്നുവരികയാണെന്ന് പാർട്ടി ഭാരവാഹികൾ പറഞ്ഞു. നിയമമനുസരിച്ച്, രാജിവച്ച് ഒരു മാസത്തിനകമാണ് കെജ്‌രിവാൾ ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടത്.
2013 ഡിസംബറിൽ ആദ്യമായി ഡൽഹി മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ഗാസിയാബാദിലെ കൗശാംബി പ്രദേശത്താണ് കെജ്‌രിവാൾ താമസിച്ചിരുന്നത്. മുഖ്യമന്ത്രിയായിരിക്കെ സെൻട്രൽ ഡൽഹിയിലെ തിലക് ലെയ്‌നിലെ ഒരു വീട്ടിലും അദ്ദേഹം താമസിച്ചിരുന്നു.
2015 ഫെബ്രുവരിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമാണ് വടക്കൻ ഡൽഹിയിലെ സിവിൽ ലൈനിലുള്ള ഔദ്യോഗിക വസതിയിലേക്ക് അദ്ദേഹം മാറിയത്. അതേസമയം 'ശീഷ് മഹൽ' എന്ന് വിളിക്കുന്ന ഔദ്യോഗിക ബംഗ്ലാവ് സർക്കാർ ഖജനാവിൽ നിന്നും കോടികൾ ചെലവഴിച്ച് സർക്കാർ ചട്ടങ്ങൾക്ക് വിരുദ്ധമായി കെജ്‌രിവാൾ നവീകരിച്ചുവെന്ന് ബിജെപി മുമ്പ് ആരോപിച്ചിരുന്നു.